ചാത്തന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പു ദിവസം ഇഎം.സി.സി ഡയറക്ടർ ഷിജു വർഗീസിന്റെ നേതൃത്വത്തിൽ കുണ്ടറയിൽ കാർ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ നടി പ്രിയങ്കയെ ചാത്തന്നൂർ അസി. കമ്മിഷണർ ഓഫീസിൽ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഷിജു വർഗീസ് പ്രതിനിധീകരിച്ചിരുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ അരൂരിലെ സ്ഥാനാർത്ഥിയായിരുന്നു പ്രിയങ്ക എന്നതിനാലും ഇരുവരും തമ്മിൽ ഫോണിൽ നിരവധി തവണ സംസാരിച്ചതും കണക്കിലെടുത്താണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിൽ തന്നെ കബളിപ്പിച്ചതാണെന്നും അതിന് പിന്നിൽ വിവാദ ദല്ലാൾ നന്ദകുമാറാണെന്നും മൊഴി നൽകി.
കുണ്ടറയിലെ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രിയങ്ക മൊഴിനൽകിയിരിക്കുന്നത്.
പാർട്ടി പ്രവർത്തകരും സ്ഥാനാർത്ഥികളും എന്ന നിലയിൽ ഷിജു വർഗീസുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടുതവണ മാത്രമാണ് നേരിൽ കണ്ടിട്ടുള്ളത്. അതേസമയം തന്നെ തിരഞ്ഞെടുപ്പിൽ നിർബന്ധിപ്പിച്ച് സ്ഥാനാർത്ഥിയാക്കിയ നന്ദകുമാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്തു. താൻ എറണാകുളം പാലാരിവട്ടം വെണ്ണലയിലെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ എതിർവശത്തെ മഹാദേവക്ഷേത്രത്തിലെ ഭരണസമിതി പ്രസിഡന്റായിരുന്നു നന്ദകുമാർ. ക്ഷേത്രത്തിൽവച്ചുള്ള പരിചയമാണ് നന്ദകുമാറുമായിട്ടുള്ളത്. പ്രവർത്തനത്തിനുള്ള ഫണ്ട് പാർട്ടി നൽകുമെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥിയാകാൻ നിർബന്ധിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചിലവിനായി ഒരു കോടിയിലേറെ രൂപ, വിജയിപ്പിച്ച് എംഎൽഎയാക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങളാണു നൽകിയത്. ഇതേതുടർന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ അരൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു. എന്നാൽ തന്റെ മാനേജരും പാർട്ടി പ്രവർത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാർ ആകെ നൽകിയത് ഒന്നര ലക്ഷം രൂപയാണ്. നാല് ലക്ഷത്തിലേറെ രൂപ തനിക്ക് ചിലവായെന്നും ഈ തുക പലവിധത്തിൽ കടം വാങ്ങിയതാണെന്നും പ്രിയങ്ക പൊലീസിനോട് പറഞ്ഞു. മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നതായും സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനെ കുറിച്ചുപോലും ആലോചിച്ചിരുന്നതായും പ്രിയങ്ക വെളിപ്പെടുത്തുന്നു.