attack

ഭോപാൽ: ഉന്നത കുടുംബത്തിൽപെട്ട പെൺകുട്ടിയുമായി സൗഹൃദം പുലർത്തിയതിന് യുവാവിനെയും സുഹൃത്തിനെയും വിളിച്ചുവരുത്തി പെൺകുട്ടിയുടെ കുടുംബം ക്രൂരമായി മർദ്ദിച്ചു. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. രാജ്‌കുമാർ ദെഹാരിയ എന്ന 20 വയസുകാരനും ഇയാളുടെ സുഹൃത്തിനുമാണ് ദുരനുഭവമുണ്ടായത്. മേയ് 22നായിരുന്നു സംഭവം. ദളിത് വിഭാഗത്തിൽ പെട്ടയാളാണ് രാജ്‌കുമാർ.

ഉന്നത കുടുംബങ്ങളിൽ പെട്ടവർ താമസിക്കുന്നയിടത്തെ 19കാരിയുമായി രാജ്‌കുമാർ സൗഹൃദത്തിലായി. തനിക്ക് പുറത്തിറങ്ങാനോ ഫോൺ ചെയ്യാനോ പോലും സ്വാതന്ത്ര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് രാജ്‌കുമാർ സുഹൃത്തിന്റെ ഫോൺ കടംവാങ്ങി പെൺകുട്ടിയ്‌ക്ക് നൽകി. ഇത് പെൺകുട്ടിയുടെ അച്ഛൻ കണ്ടെത്തിയതാണ് പ്രശ്‌നമായത്.

തുടർന്ന് രാജ്‌കുമാറിനെയും സുഹൃത്തിനെയും വിളിച്ചുവരുത്തിയ പെൺകുട്ടിയുടെ വീട്ടുകാർ ഇവരെ ക്രൂരമായി മർദ്ദിക്കുകയും തലമുടി പകുതി വടിച്ചുകളഞ്ഞശേഷം ചെരുപ്പുമാലയിട്ട് നടത്തിക്കുകയും ചെയ്‌തു.

മ‌ർദ്ദനവിവരം പുറത്തുപറഞ്ഞാൽ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. എന്നാൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം യുവാവ് പരാതി നൽകി. തുടർന്ന് പൊലീസ് പ്രതികളെയെല്ലാം ഉടൻ പിടികൂടി. ഇവരെ റിമാൻഡ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.