ബഹുനില ഷോപ്പിംഗ് മാളുകൾ മുതൽ കുഞ്ഞു വീടുകളിൽ വരെ തീപിടിത്തമുണ്ടാകുന്ന വാർത്തകൾ നമ്മൾ ദിനംപ്രതി വായിക്കാറും കാണാറുമുണ്ട്. ഇന്നലെ തലസ്ഥാനത്തെ ചാല കമ്പോളത്തിലെ കളിപ്പാട്ടക്കടയിൽ അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധ നഗരവാസികളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു.
അഗ്നിബാധയുണ്ടാകുന്ന സ്ഥലങ്ങളിൽ തീ അണയുന്നതിനൊപ്പം അങ്ങോട്ടേക്കുളള നമ്മുടെ ശ്രദ്ധയും അവസാനിക്കും. തീപിടിത്തത്തിന് കാരണമായി പല അഭ്യൂഹങ്ങളും ഉയരാറുണ്ട്. എന്നാൽ നമ്മളാരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യം കെ എസ് ഇ ബി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
പ്ലഗ് സോക്കറ്റുകൾ ഓവർലോഡ് ചെയ്യുന്നത് അഗ്നിബാധ ഉൾപ്പടെയുള്ള അപകടങ്ങൾക്ക് കാരണമായേക്കാമെന്നാണ് കെ എസ് ഇ ബി നൽകുന്ന നിർദേശം. ഈ ലോക്ക്‌ഡൗൺ കാലയളവിൽ വർക്ക് ഫ്രം ഹോം ഉൾപ്പടെ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണിത്. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയൊരു അശ്രദ്ധ വലിയ നഷ്‌ടങ്ങൾക്ക് വഴിവയ്‌ക്കും. ആയതിനാൽ തന്നെ വിവിധ ഉപകരണങ്ങൾ ഒരേസമയം ചാർജ് ചെയ്യുന്നതിനായി പ്ലഗ് സോക്കറ്റുകളിൽ ഓവർ ലോഡ് ചെയ്യുന്നത് നമുക്ക് നിർത്താം.