covid-

ന്യൂഡൽഹി : കഴിഞ്ഞ വർഷത്തിന്റെ ബാക്കിയെന്നോണം ഈ വർഷവും രാജ്യത്തെ പിടിച്ചു കുലുക്കിയ കൊവിഡ് രണ്ടാം തരംഗത്തിൽ തൊഴിൽ നഷ്ടമായത് ഒരു കോടിയോളം ആളുകൾക്ക്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. രാജ്യത്ത് 97 ശതമാനം വീടുകളിലും ഈ വർഷം വരുമാനം കുറയുകയാണ് ചെയ്തതെന്നും സി എം ഐ ഇ
ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് പറഞ്ഞു.

കഴിഞ്ഞ മാസം അവസാനത്തോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായിരിക്കുകയാണ്. ഏപ്രിലിൽ 8 ശതമാനമായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ്. കൂടുതൽ പേർക്കും കൊവിഡ് രണ്ടാം തരംഗത്തിൽ തൊഴിൽ നഷ്ടമായതാണ്. ഇപ്പോൾ തൊഴിൽ നഷ്ടമായവരിൽ നല്ലൊരു പങ്കിനും ഉടൻ പുതിയ തൊഴിൽ ലഭിക്കുന്നതിനും പ്രയാസമാണ്. കഴിഞ്ഞ വർഷം രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ 23.5 ശതമാനം വരെ തൊഴിലില്ലായ്മ ഉയർന്നിരുന്നു.

രാജ്യവ്യാപകമായി 1.75 ലക്ഷം വീടുകളിൽ ഏപ്രിൽ മാസത്തിൽ സിഎംഐഇ സർവേ നടത്തിയത്.

അഭിപ്രായം പങ്കുവച്ചവരിൽ വെറും മൂന്ന് ശതമാനം മാത്രമാണ് കഴിഞ്ഞ വർഷത്തേക്കാൾ വരുമാനം വർദ്ധിച്ചതായി അഭിപ്രായപ്പെട്ടത്. 55 ശതമാനം പേർ തങ്ങളുടെ വരുമാനം കുറഞ്ഞുവെന്നാണ് രേഖപ്പെടുത്തിയത്. അതേസമയം 42 ശതമാനം പേർക്ക് തൊഴിലിൽ നിന്നും ലഭിക്കുന്ന വരുമാനം മുൻ വർഷത്തേപോലെ അതേപടി തുടരുകയാണെന്ന് അഭിപ്രായപ്പെട്ടു.