bb

തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണവും ശരീരം ദുർബലമാക്കുന്നത് വേഗത്തിലാണ്. മദ്ധ്യവയസിൽ തന്നെ പലരിലും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതിന്റെ കാരണവും ഇതൊക്കെയാണ്. ഭക്ഷണകാര്യത്തിൽ അല്പം ശ്രദ്ധിച്ചാൽ പ്രായത്തെ പിടിച്ചു കെട്ടാൻ കഴിയും. അതിന് സഹായിക്കുന്ന ചില മാർഗങ്ങളിതാ...

വെള്ളം: രോഗങ്ങൾ അകറ്റി നിറുത്താനും ഊർജസ്വലമാകാനുമുള്ള ആദ്യവഴിയാണ് ധാരാളം വെള്ളം കുടിക്കുന്നത്. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ രണ്ട് ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചുനോക്കൂ. ദിവസം എട്ട് ഗ്ലാസെങ്കിലും വെള്ളം കുടിച്ചിരിക്കണം. ശാരീരികപ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള ആദ്യവഴിയാണിത്.

പപ്പായ: കഴിയുമെങ്കിൽ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴമാണ് പപ്പായ. വിറ്റമിനുകൾ, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ആന്റി ഓക്‌സിഡന്റ്സ് എന്നിവയുടെ കലവറയാണിത്. ത്വക്കിന്റെ ഇലാസ്‌തികത വർദ്ധിപ്പിച്ച് ചുളിവുകളുണ്ടാകുന്നത് തടയാൻ പപ്പായയ്‌ക്ക് കഴിയും. പപ്പായ ഫേസ്‌ പാക്കും സൗന്ദര്യവർദ്ധനയ്‌ക്ക് ഉത്തമ മാർഗമാണ്.