മുംബയ്: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്‌ട്ര. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് സർക്കാർ. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കുമെല്ലാം നിയന്ത്രണമുണ്ട്. എന്നാൽ ഇതിനിടെ ഈ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി സംസ്ഥാനത്ത് ഒരു വിവാഹം നടന്നു. പിംപ്രി ചിഞ്ച്വാഡ് എംഎൽഎയും ബിജെപി നേതാവുമായ മഹേഷ് ലാംഗെയുടെ മകളുടെതായിരുന്നു വിവാഹം.
എംഎൽഎ ഉൾപ്പടെ നിരവധി പേർ വിവാഹ ആഘോഷങ്ങളിൽ മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെ ആഘോഷിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകൾ പുറത്തുവന്നു. വിവാഹ പരിപാടികളിൽ പരമാവധി 25 പേരെ മാത്രമാണ് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്.എന്നാൽ നൂറുകണക്കിന് പേരാണ് പരിപാടിയിൽ ഒത്തുകൂടിയത്.
പരിപാടിയ്‌ക്ക് മുൻകൂർ അനുമതിയും എംഎൽഎ വാങ്ങിയിരുന്നില്ല. അതിനാൽ എംഎൽഎയ്‌ക്കും വിവാഹാഘോഷത്തിൽ പങ്കെടുത്ത 60ഓളം പേർക്കുമെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും മൂന്നാമത് തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിട്ട് ദിവസങ്ങളേ ആകുന്നുളളു. ഇതിനിടെയാണ് എംഎൽഎ തന്നെ നിയമലംഘനം നടത്തിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. 57.4 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. 25 മണിക്കൂറിനിടെ 15,077 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കിലും മുൻപിൽ മഹാരാഷ്‌ട്ര തന്നെയാണ്.