തിരുവനന്തപുരം: കോർപ്പറേഷനിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയിൽ നിന്ന് സംസ്ഥാന നേതാക്കളടക്കം 25 പേർ രാജിവച്ച് ഇടതുപക്ഷ സംഘടനയിൽ ചേർന്നു. കോൺഗ്രസ് അനുകൂല സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് രാജിവച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയനിൽ ചേർന്നത്. സംഘടനയിലുണ്ടായിരുന്ന 27 പേരിൽ 25 പേരും രാജിവച്ചു.

സംഘടനയിൽ പുതുതായി എത്തിയവർക്ക് കോർപ്പറേഷൻ അങ്കണത്തിൽ ചേർന്ന സ്വീകരണയോഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എസ്. സജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്, സെക്രട്ടേറിയറ്റംഗം എസ്.എസ്. മിനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ. ബിജി, ആർ.സി. രാജേഷ്, ജയകുമാർ, യൂണിറ്റ് സെക്രട്ടറി എം.എസ്. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ യൂണിറ്റിന് കോർപ്പറേഷൻ അനുവദിച്ച് നൽകിയ ഓഫീസ്‌ മുറി പൂട്ടി താക്കോൽ സെക്രട്ടറിക്ക് കൈമാറി.