ജനീവ : കൊവിഡ് വാക്സിൻ കയറ്റുമതി നിറുത്തിവയ്ക്കാനുള്ള ഇന്ത്യയുടെ അപ്രതീക്ഷിത തീരുമാനം വാക്സിന് വേണ്ടി സീറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചതായി ലോകാരോഗ്യ സംഘടന. ഇതിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാഷ്ട്രങ്ങളാണ്. കൊവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന രാജ്യങ്ങളെ ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കി.
ഈ രാജ്യങ്ങളിൽ വാക്സിൻ അപര്യാപ്തത മൂലം B.1.617.2 ഉൾപ്പെടെ കൊവിഡിന്റെ പുതു വകഭേദങ്ങൾ അതിവേഗത്തിൽ പടർന്ന് പിടിക്കുന്നു. തിരിച്ചറിയുന്നതിന്റെ മുമ്പ് തന്നെ കൊവിഡിന്റെ വകഭേദങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കണ്ടെത്തിയ 117 ഓളം വകഭേദങ്ങളിലും സംഭവിച്ചത് അതാണെന്നും ഡബ്ല്യു.എച്ച്.ഒ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം അസ്ട്രാസെനെകയുമായി ഒപ്പുവച്ച കരാർ പ്രകാരം താഴ്ന്ന,ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒരു ബില്യൻ വാക്സിൻ ഡോസ് നൽകുമെന്നു പ്രതീക്ഷിച്ചിരുന്നു. 2020ൽ മാത്രം 400 ദശലക്ഷം ഡോസുകളാണ് ലോകാരോഗ്യ സംഘടനുടെ മേൽനോട്ടത്തിൽ രാജ്യാന്തര വാക്സിൻ സഖ്യമായ ഗവിയിലൂടെ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ കൊവിഡ് രൂക്ഷമായപ്പോൾ ഇന്ത്യ വാക്സിൻ കയറ്റുമതി നിരോധിക്കുകയും അന്താരാഷ്ട്ര തലത്തിൽ വാക്സിൻ വിതരണം തടസപ്പെടുകയും ചെയ്തു.
മിക്ക ആഫ്രിക്കൻ രാജ്യങ്ങൾക്കും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമേ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. നിലവിലെ വാക്സിൻ അസമത്വം ഇങ്ങനെ തുടർന്നാൽ ചില രാജ്യങ്ങൾ അവരുടെ സാധാരണ ജീവിതത്തിലേക്കു മടങ്ങിപ്പോകും. അതേസമയം, മറ്റു രാജ്യങ്ങളെ രോഗം കഠിനമായി ബാധിക്കുകയും കൂടുതൽ വൈറസ് വകഭേദങ്ങൾ ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് സൗമ്യ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് പേര് 'ഡെൽറ്റ വേരിയന്റ്'
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ് വൈറസ് വകഭേദമായ B.1.617ന് ഡെൽറ്റ വേരിയന്റ് എന്ന് പേരിട്ട് ലോകാരോഗ്യ സംഘടന. വൈറസുകളോ വകഭേദങ്ങളോ കണ്ടെത്തിയ രാജ്യങ്ങളുടെ പേരുകൾ ഉപയോഗിച്ചു തിരിച്ചറിയപ്പെടാൻ പാടില്ലെന്നു ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിരുന്നു.
ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് കപ്പ എന്നറിയപ്പെടും. ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് ബീറ്റ എന്നും ബ്രസീൽ വൈറസ് വകഭേദത്തിന് ഗാമ എന്നുമാണ് പേരിട്ടത്.
ഡബ്ല്യു.എച്ച്.ഒ. 'ഇന്ത്യൻ വകഭേദം' എന്ന് പരാമർശിക്കാത്തതിനാൽ വകഭേദത്തെ ഇന്ത്യൻ എന്ന് വിളിക്കുന്നതിനെതിരെ ഇന്ത്യൻ ഗവൺമെന്റ് രംഗത്തെത്തിയിരുന്നു.
കണ്ടെത്തിയ രാജ്യങ്ങളുടെ പേരിൽ കോവിഡ് വകഭേദങ്ങൾ അറിയപ്പെടരുതെന്ന് ഡബ്ല്യു.എച്ച്.ഒ.യും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആൽഫ, ബീറ്റ, ഗാമ തുടങ്ങിയ പേരുകൾ സാധാരണക്കാർക്കും വൈറസ് വകഭേദങ്ങളെ തിരിച്ചറിയാനും ചർച്ച ചെയ്യാനും എളുപ്പമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.