kappan

മഥുര: യുഎ‌പി‌എ ചുമത്തി കഴിഞ്ഞ ഒൻപത് മാസത്തോളമായി മഥുര ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചു. തനിക്കെതിരെ കു‌റ്റപത്രം സമ‌ർപ്പിച്ച സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്ന് ജാമ്യാപേക്ഷയിൽ കാപ്പൻ ആവശ്യം ഉന്നയിച്ചു.

യുപി പൊലീസിന്റെ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് കാപ്പൻ ആരോപിക്കുന്നു. താൻ നുണപരിശോധനയ്‌ക്ക് തയ്യാറാണ്. വിവരം അറിയിച്ചിട്ടും അന്വേഷണസംഘം പിന്മാറിയെന്ന് കാപ്പൻ ജാമ്യാപേക്ഷയിൽ പറയുന്നു. ഉത്തർപ്രദേശ് സർക്കാരിനെ പിടിച്ചുകുലുക്കിയ ഹാത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് മഥുര പൊലീസ് കാപ്പനെ അറസ്‌റ്റ് ചെയ്‌തത്. കാപ്പനടക്കം നാലുപേരായിരുന്നു ഒക്‌ടോബ‌ർ അഞ്ചിന് അറസ്‌റ്റിലായത്.

ജയിലിൽ കഴിഞ്ഞിരുന്ന കാപ്പനെ കാണാൻ കുടുംബത്തെ അനുവദിച്ചിരുന്നില്ല. പിന്നീട് കൊവിഡ് ബാധിതനായ കാപ്പന് ചികിത്സ നൽകാനും പൊലീസ് തയ്യാറായിരുന്നില്ല. സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ കാപ്പന് ചികിത്സ നൽകി. എന്നാൽ ഇവിടെയും ഭാര്യയെയോ അഭിഭാഷകനെയോ കാണാൻ പൊലീസ് അനുവദിച്ചിരുന്നില്ല. തുടർന്ന് രഹസ്യമായി കാപ്പനെ ഇവിടെനിന്ന് മഥുര ജയിലിലേക്ക് പൊലീസ് മാ‌റ്റി. കാപ്പനെ നി‌ർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്യുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.ഈ സംഭവത്തിൽ യു.പി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസും അയച്ചിരുന്നു.