ചെന്നൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ തമിഴ്നാട്ടിലെ മുൻ മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ എ. മണികണ്ഠനെതിരെ (39) പൊലീസ് കേസെടുത്തു. ചെന്നൈ അഡയാർ വനിതാ പൊലീസാണ് നടിയുടെ പരാതിയിൽ മണികണ്ഠനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അഞ്ച് വർഷത്തോളം മണികണ്ഠനുമായി അടുപ്പത്തിലായിരുന്നുവെന്നും വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നുമാണ് നടിയുടെ ആരോപണം. ഇതിനിടെ, മൂന്ന് തവണ ഗർഭിണിയായി. എല്ലാ തവണയും മണികണ്ഠൻ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠൻ പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറി.
താൻ രാജ്യം വിട്ടില്ലെങ്കിൽ സ്വകാര്യചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും വാടകക്കൊലയാളികളെ ഉപയോഗിച്ച് തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തന്റെ കുടുംബാംഗങ്ങൾക്ക് നേരെയും ഭീഷണിയുണ്ടായി.
അതേസമയം, നടി ഉന്നയിച്ച എല്ലാ ആരോപണങ്ങളും മണികണ്ഠൻ നിഷേധിച്ചതായാണ് റിപ്പോർട്ട്. ആരോപണം ഉന്നയിച്ച നടിയെ തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.