ന്യൂഡൽഹി: കൊവിഡ് ബാധ കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം ഇതുവരെ ഉടലെടുത്തിട്ടില്ല. അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടെ ആവശ്യകതയും നിലവിൽ വളരെ കുറവാണ്. എന്നാൽ കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്രം അറിയിച്ചു.
കുട്ടികളിലെ കൊവിഡ് ബാധയിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കുട്ടികളിൽ അണുബാധ ഉണ്ടാകാറുണ്ടെങ്കിലും ലക്ഷണങ്ങൾ പൊതുവെ കുറവാണ്. രോഗം ബാധിക്കാറുണ്ടെങ്കിൽ തന്നെ ഗുരുതരമാകാറില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വളരെക്കുറവാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പൗൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെെറസിന്റെ നിലവിലെ സ്വഭാവത്തിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ട്. കൊവിഡിന്റെ ആഘാതം കുട്ടികളിൽ വർദ്ധിച്ചേക്കാം. കുറച്ച് കുട്ടികളെ ആശുപത്രിയിൽ ഇതുവരെ പ്രവേശിപ്പിച്ചിട്ടുളളതായി ഡാറ്റ വ്യക്തമാക്കുന്നു. ഞങ്ങൾ ദിവസം തോറും തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും പൗൾ കൂട്ടിച്ചേർത്തു.