ന്യൂഡൽഹി: ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയിൽ നിന്നുള്ള വരുമാനം 2021 ൽ ഏകദേശം 4.3 ബില്യൺ ഡോളറായി ഉയരുമെന്ന് റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം കൊവിഡ് 19, കയറ്റുമതിക്ക് വലിയ തടസങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വളർച്ചയാണ് രാജ്യത്തെ ചെമ്മീൻ കയറ്റുമതി വരുമാനത്തിൽ പ്രതീക്ഷിക്കുന്നത്.
2020ൽ ആഗോളതലത്തിൽ ചെമ്മീൻ കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഈ വർഷം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ. ക്രിസിൽ റേറ്റ് ചെയ്തിട്ടുള്ള 97 കയറ്റുമതിക്കാരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. രാജ്യത്തെ ചെമ്മീൻ കയറ്റുമതി വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഈ കയറ്റുമതിക്കാർക്കു കീഴിലാണ്.
2019 ലെ ചെമ്മീൻ കയറ്റുമതി : 4.7 ബില്യൺ ഡോളർ
2020ലെ കയറ്റുമതി : 3.6 ബില്യൺ ഡോളർ
ഒന്നാംസ്ഥാനം ഇക്വഡോർ കൊണ്ടുപോയി
2020ൽ ഒന്നാം സ്ഥാനത്തെത്തിയ ഇക്വഡോർ 3.7 ബില്യൺ ഡോളറിന്റെ ചെമ്മീൻ കയറ്റുമതി നടത്തി. കൊവിഡ് നിയന്ത്രണങ്ങൾ താരതമ്യേന കുറവായതും, ചൈനയിൽ പാകം ചെയ്യാത്ത ചെമ്മീനിന്റെ ആവശ്യകതയിൽ ഉണ്ടായ ഉണർവുമാണ് ഇക്വഡോറിന് ഗുണകരമായത്.ലോകമെമ്പാടുമുള്ള ചെമ്മീൻ മൊത്ത വില്‍പ്പനയുടെ 55 ശതമാനവും ഇന്ത്യ, ഇക്വഡോർ, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്.