shibu-baby-john

കൊല്ലം: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനം തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുന്നണിമാറ്റത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പേരിൽ മുന്നണി മാറാനോ മറ്റൊരു മുന്നണിയിലേക്ക് പോകാനോ ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പരാജയത്തിന് കാരണം യു.ഡി.എഫിന്റെ സംഘടനാ ദൗ‌ർബല്യമാണ്. എല്‍.ഡി.എഫിനെ നേരിടാനുള്ള കെട്ടുറപ്പ് മുന്നണിക്കില്ല. യു.ഡി.എഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്നും അസീസ് ആവശ്യപ്പെട്ടു.

ആര്‍.എസ്.പിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ചില വാര്‍ത്തകള്‍ കണ്ടു, അതൊന്നും ശരിയല്ല. രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിദ്ധ്യം ഇല്ലാത്തത് ആർ.എസ്.പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 9ന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തുമെന്നും അസീസ് അറിയിച്ചു.

അതേസമയം, ഏതെങ്കിലും മുന്നണിയിലേക്ക് പോകാന്‍ കോവൂര്‍ കുഞ്ഞുമോന്റെ ക്ഷണം വേണ്ടെന്നും ആര്‍.എസ്.പിക്ക് അത്ര ഗതികേടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. 2014നു ശേഷം എല്‍.ഡി.എഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആര്‍.എസ്.പിക്ക് എല്‍.ഡി.എഫിലേക്ക് പോകേണ്ടി വന്നാല്‍ ആരോടാണ് സംസാരിക്കേണ്ടെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.