kashmiri-child

ന്യൂഡല്‍ഹി: മണിക്കൂറുകൾ നീണ്ട ഓൺലൈൻ ക്ലാസ്സുകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതിപ്പെടുന്ന കാശ്മീരി പെണ്‍കുട്ടിയുടെ വീഡിയോ വൈറൽ. ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നതെന്നാണ് വീഡിയോ വഴി പ്രധാനമന്ത്രിയോട് ആറുവയസുകാരിയായ പെൺകുട്ടി ചോദിച്ചത്. വലിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇത്രയധികം ജോലികൾ നൽകേണ്ടതെന്നും പെൺകുട്ടി പ്രധാനമന്ത്രിയോട് പറയുന്നുണ്ട്.

'സൂം ക്ലാസ്സുകളെ കുറിച്ച് ഞാന്‍ അങ്ങയോട് പറയാം. ആറ് വയസ് പ്രായമുള്ളവര്‍, അതായത് ചെറിയ കുട്ടികള്‍... അവര്‍ക്കെന്തിനാണ് ടീച്ചര്‍മാരും സാറന്മാരും ഇത്രയും പഠിക്കാനും എഴുതാനും തരുന്നത്? രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുന്നത്. ഇംഗ്ലീഷ്, കണക്ക്, പിന്നെ ഉറുദു, ഇവിഎസ് പിന്നെ കമ്പ്യൂട്ടറും. ആറിലും ഏഴിലും പഠിക്കുന്ന വലിയ കുട്ടികള്‍ക്കാണ് ഇത്രയധികം പണി കൊടുക്കേണ്ടത്. എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ്'- കുട്ടിയുടെ വാക്കുകൾ ഇങ്ങനെ.

Modi saab ko is baat par zaroor gaur farmana chahiye😂 pic.twitter.com/uFjvFGUisI

— Namrata Wakhloo (@NamrataWakhloo) May 29, 2021

പ്രധാനമന്ത്രിയ്ക്ക് നമസ്കാരം പറഞ്ഞുകൊണ്ട് താനൊരു ആറു വയസ്സുകാരി പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തിയാണ് കുട്ടി സംസാരം തുടങ്ങുന്നത്. ഏതായാലും പെൺകുട്ടിയുടെ വീഡിയോ വൻ ശ്രദ്ധ ആകര്‍ഷിച്ചതിന് പിന്നാലെ ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയും സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ഗൃഹപാഠം കുറയ്ക്കുന്നതിന് 48 മണിക്കൂറിനകം പുതിയ നയം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകുകയാണ് ലഫ്റ്റനന്റ് ഗവർണർ ചെയ്തത്.

content details: kashmiri girl complains to pm narendra modi about too many online classes.