kerala-football

തിരുവനന്തപുരം : കേരള ഫുട്ബാൾ അസോസിയേഷനെ കച്ചവടവത്കരിക്കാനുള്ള നീക്കം വിവാദമായതോടെ സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വരുത്തിയ ദേദഗതി കെ.എഫ്.എയുടെ ജനാധിപത്യവ്യവസ്ഥിതിയുംസാമ്പത്തിക അടിത്തറയും തകർക്കുന്നതാണെന്ന് ആരോപണമുയരുന്നു. ഫുട്ബാളിന്റെ പേരിലുള്ള വരുമാനമെല്ലാം കമ്പനിയിലേക്ക് വരുകയും ചെലവുകളെല്ലാം കെ.എഫ്.എ വഹിക്കേണ്ടിവരുകയും ചെയ്യുന്ന രീതിയിലാണ് വ്യവസ്ഥകൾ. കെ.എഫ്.എയെ മാത്രമല്ല സംസ്ഥാനത്തെ ക്ളബുകളെയാകെ സാമ്പത്തികമായി തകർക്കുന്ന രീതിയിലാണ് വ്യവസ്ഥകൾ സൃഷ്ടിച്ചിരിക്കുന്നത്.

ക്ളബുകൾക്കോ ജില്ലാ അസോസിയേഷനുകൾക്കോ ആരിൽ നിന്നും സ്പോൺസർഷിപ്പുപോയിട്ട് ഒരു പന്തുപോലും വാങ്ങാൻ കഴിയാത്ത രീതിയിലാണ് പുതിയ കരാർ വ്യവസ്ഥകൾ. ഓരോ ജില്ലയിലും വർഷം തോറും കമ്പനിക്ക് പുതിയ ക്ളബുകൾ രൂപീകരിക്കാൻ അനുമതി നൽകുന്നുണ്ട്. വരുമാനം നിലയ്ക്കുന്നതോടെ തകരുന്ന നിലവിലുള്ള ക്ളബുകളെ തങ്ങളുടേതാക്കി മാറ്റി സർവതും പിടിച്ചടക്കാനുള്ള ഗൂഡനീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അടുത്ത ശനിയാഴ്ച ഓരോ ജില്ലയുടേയും പ്രതിനിധിയെ ഒറ്റയ്ക്ക് ഓൺലൈൻ മീറ്റിംഗിൽ പങ്കെടുപ്പിച്ച് ഭേദഗതിയെക്കുറിച്ചുള്ള അഭിപ്രായം ആരായുമെന്നാണ് കെ.എഫ്.എ അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിന്നുള്ള ഭാരവാഹികളെ ഒരുമിപ്പിച്ച് പങ്കെടുപ്പിച്ചാൽ എതിർപ്പിന് ശക്തികൂടുമെന്നതിനാലാണ് ഇത്തരമൊരു നീക്കം.

കരാറിലെ കാണാച്ചരടുകൾ

1. കരാർ ഒപ്പിട്ടാൽ കെ‌.എഫ്‌.എയ്ക്കോ ഡി‌.എഫ്‌.എയ്ക്ക് എന്തെങ്കിലും തരത്തിലുളള സ്പോൺസർഷിപ്പുകളോ സംഭാവനകളോ സമ്മാനങ്ങളോ സർക്കാർ ഗ്രാന്റോ സ്വീകരിക്കാൻ കഴിയില്ല. അഥവാ സ്വീകരിക്കുകായാണെങ്കിൽ കമ്പനി നൽകുന്ന തുകയിൽ നിന്ന് അത് കുറയ്ക്കും.

2. പൊതുമേഖലാ സ്ഥാപനങ്ങൾ കായിക വികസനത്തിനായി ചെലവഴിക്കേണ്ട സി.എസ്.ആർ ഫണ്ടുകൾ കമ്പനിയിലേക്ക് നേരിട്ടാകും പോവുക. ഇപ്പോൾ പല ക്ളബുകളെയും സ്പോൺസർ ചെയ്യുന്നത് വ്യാപാര-വ്യവസായ സ്ഥാപനങ്ങളാണ്. ഇതും കമ്പനി പിടിച്ചുപറിക്കും.ആരിൽ നിന്നെങ്കിലും ഒരു പന്തെങ്കിലും ക്ളബുകൾ വാങ്ങിയാൽ അത് കരാർ തുകയിൽ നിന്ന് കുറയ്ക്കുമത്രേ.

3. ക്ളബുകളുടെ ജഴ്സിയിൽ കമ്പനി പറയുന്നവരുടെ ലോഗോ മാത്രമേ പാടുള്ളൂ. സ്വന്തമായി സ്പോൺസർഷിപ്പ് കണ്ടെത്താനാവില്ല. ഡി‌.എഫ്‌.എകൾ‌ക്കും സ്പോൺ‌സർ‌മാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയില്ല.

4. കെ‌.എഫ്‌.എയ്ക്ക് ക്കു നൽകുന്ന പണം എങ്ങനെ ചെലവഴിക്കണം എന്ന് കമ്പനി നിർദേശിക്കും. ചിലവഴിച്ച പണത്തിനു കമ്പനിക്ക് കെ‌.എഫ്‌.എ വിനിയോഗ സർട്ടിഫിക്കറ്റും നൽകണം.

5.കമ്പനിക്ക് ഇഷ്ടമല്ലെങ്കിൽ ഡി‌.എഫ്‌.എകൾക്കും ക്ലബുകൾക്കും ടൂർണമെന്റുകൾ നടത്താൻ കഴിയില്ല . സംസ്ഥാനത്ത് ഇടയ്ക്കും മുറയ്ക്കുമെങ്കിലും നടന്നുവരുന്ന ടൂർണമെന്റുകൾ ഇതോടെ ഇല്ലാതാകും.

6.കരാറിലെ വിവിധ വ്യവസ്ഥകൾ പ്രകാരം കമ്പനി നടത്തുന്ന ടൂർണമെന്റുകളുടെയും ലീഗുകളുടെയും സ്റ്റേഡിയം വാടകയും ലെവിയും ടീമുകളുടെ യാത്ര, താമസച്ചെലവുകളും സുരക്ഷാച്ചെലവും ഉൾപ്പടെ കെ.എഫ്.എയുടെ തലയിലാണ്.ഓഫീസ് ചെലവുകൾ വേറെയും. ഇനി കൊവിഡ് ബയോ ബബിൾ ഒരുക്കേണ്ടിവന്നാലും കമ്പനി ചെയ്യില്ല. ചെലവു കണക്കുകൂട്ടുമ്പോൾ പ്രതിവർഷം കമ്പനി നൽകുമെന്ന് പറയുന്ന 85 ലക്ഷത്തിൽ കൂടുതലാകും. ചുരുക്കത്തിൽ കെ.എഫ്.എ നഷ്ടത്തിലാകുമെന്നർത്ഥം.

7.ജൂനിയർ ടീമുകൾക്കായി പണം ചെലവിടണമോ എന്ന് കമ്പനിക്ക് തീരുമാനിക്കാം.