സെന്റ് ജോൺസ്: കോടിക്കണക്കിന് രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നു മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യയിൽ നിന്ന് എട്ടംഗ സംഘം ഡൊമനിക്കയിലെത്തി. മിഷൻ ചോക്സി എന്നാണ് ദൗത്യത്തിന്റെ പേര്.
സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതം 'മിഷൻ ചോക്സി'യുടെ ഭാഗമായിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്.
സി.ബി.ഐയുടെ ബാങ്കിംഗ് തട്ടിപ്പ് അന്വേഷണ വിഭാഗത്തിന്റെ മുംബയ് മേധാവി ശാരദ റൗട്ടാണ് സംഘത്തെ നയിക്കുന്നതെന്നാണ് വിവരം. മഹാരാഷ്ട്ര കേഡർ 2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ശാരദയെ കഴിഞ്ഞ വർഷമാണ് സി.ബി.ഐ ഡി.ഐ.ജിയായി നിയമിച്ചത്. മേയ് 28 നാണ് സംഘം ഡൊമനിക്കയിലെത്തിയത്. ചോക്സിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് ചോക്സിയെ നാടുകടത്താൻ ആവശ്യമായ രേഖകളുമായി സംഘം ഡൊമനിക്കയിലെത്തിയത്. ചോക്സി ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ
ആളാണെന്ന് സ്ഥിരീകരിക്കാൻ ഉതകുന്ന രേഖകൾ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാർക്കൊപ്പം ചേർന്ന് കോടതിയിൽ ഹാജരാക്കും.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടിയോളം രൂപ വായ്പാതട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായിരിക്കെ ഇന്ത്യയിൽ നിന്ന് മുങ്ങിയ ചോക്സി തന്ത്രപൂർവം ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാതിരുന്ന ആന്റിഗ്വയിൽ ഒളിവിൽ കഴിയുകയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച അവിടെ നിന്ന് കാണാതായ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതി വിധി ചോക്സിക്ക് എതിരായാൽ ഇതേസംഘം ചോക്സിയുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തും.
ചോക്സി ഇന്ത്യൻ പൗരനല്ലെന്നും അതിനാൽ ഇന്ത്യയിലേക്ക് അയയ്ക്കാനാകില്ലെന്നുമാണ് അഭിഭാഷകന്റെ നിലപാട്. ഡൊമിനിക്കയിലേക്ക് ചോക്സിയെ ബലമായി കടത്തുകയായിരുന്നുവെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു.
അതേസമയം, ചോക്സി ഡൊമിനിക്കയിൽ മേയ് 23 എത്തിയതിനുള്ള തെളിവുകൾ ദേശീയ മാദ്ധ്യമം പുറത്തുവിട്ടു. ഡൊമിനിക്കയുടെ ഇമിഗ്രേഷൻ രേഖകൾ പ്രകാരം മേയ് 25 നാണ് ചോക്‌സി ഡൊമിനിക്കയിൽ വന്നിറങ്ങിയത്. എന്നാൽ മേയ് 23 ചോക്‌സി ദ്വീപിൽ ഉണ്ടായിരുന്നതായാണ് പുതിയ രേഖകൾ വ്യക്തമാക്കുന്നത്.