jyithi

ന്യൂഡൽഹി: കഴിഞ്ഞ വർഷം ലോക്ക്ഡൗണിനിടെ അപകടത്തിൽ പരിക്കേറ്റ അച്ഛനെ വീട്ടിലെത്തിക്കാൻ 1200 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് രാജ്യാന്തരശ്രദ്ധ നേടിയ ജ്യോതികുമാരിയുടെ പിതാവ് മോഹൻ പാസ്വാൻ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇലക്ടിക് റിക്ഷാഡ്രൈവറായിരുന്നു മോഹൻ.

'ബീഹാറിലെ സൈക്കിൾ പെൺകുട്ടി' എന്നാണ് മാദ്ധ്യമങ്ങൾ 15കാരിയായ ജ്യോതിയെ വിശേഷിപ്പിച്ചിരുന്നത്.

2020 മാർച്ചിൽ ലോക്ക്ഡൗണിലാണ് ഗുരുഗ്രാമിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് ഇറക്കിവിടുമോയെന്ന ഭയം കാരണം അസുഖബാധിതനായ പിതാവിനെ സൈക്കിളിന് പിന്നിലിരുത്തി ജ്യോതി റോഡിലേക്കിറങ്ങിയത്. കടം വാങ്ങിയ പണം കൊണ്ട് പഴയൊരു സൈക്കിൾ സ്വന്തമാക്കിയത്. ഏഴ് ദിവസത്തോളം സൈക്കിൽ ചവിട്ടിയാണ് ഡൽഹിക്ക് സമീപമുള്ള ഗുഡ്ഗാവിൽ നിന്ന് ബിഹാറിലെ ദർബാംഗയിലേക്കുള്ള 1200 കിലോ മീറ്റർ ദൂരം ജ്യോതി പിന്നിട്ടത്.

കൈയിൽ പണമില്ലാത്തതും ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യവുമാണ് ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. പിതാവ് മോഹൻ വാഹനാപകടത്തിൽ കാലിന് പരിക്കേറ്റ് കിടപ്പിലായിരുന്നു. നാട്ടിലേക്ക് ബസോ ട്രെയിനോ ആ സമയത്ത് ഉണ്ടായിരുന്നില്ല.

മേയ് ഏഴിന് തുടങ്ങിയ യാത്ര മേയ് 16ന് വീട്ടിലെത്തിയപ്പോഴാണ് അവസാനിച്ചത്. ജ്യോതിയുടെ ഇച്ഛാശക്തിയും സാഹസവും പുറംലോകമറിഞ്ഞതോടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. യു.എസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് ഉൾപ്പെടെ ജ്യോതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

ദേശീയ സൈക്കിൾ ഫെഡറേഷൻ ജ്യോതിക്ക് പരിശീലനം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, താൻ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കി ജ്യോതി ക്ഷണം നിരസിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരവും ജ്യോതിയെ തേടിയെത്തി. തുടർ വിദ്യാഭ്യാസത്തിന് ഉൾപ്പെടെ വിവിധ കോണുകളിൽനിന്ന് സഹായ വാഗ്ദാനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു.