frauds

കൊച്ചി: ദുബായ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിൽ മുഖ്യപ്രതി എറണാകുളത്ത് റിക്രൂട്ടിംഗ് സെന്റർ നടത്തിയിരുന്ന ഫിറോസ് ഖാനെതിരെ മൂന്ന് കേസ് കൂടി നോ‌ർത്ത് പൊലീസ് രജിസ്റ്റർ ചെയ്തു. നേരത്തേ രണ്ട് കേസുകളുണ്ട്.

അറസ്റ്റിലായ ഫിറോസിനും കൂട്ടാളി സത്താറിനും കൊവിഡാണ്. അതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ സാധിച്ചിട്ടില്ല. ഓരോ കേസിലും ഫിറോസിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

വിദേശത്തുള്ള ഫിറോസിന്റെ ഏജന്റുമാരുടെ പാസ്‌പോർട്ട് എംബസിയുമായി ബന്ധപ്പെട്ട് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികൾ പൊലീസ് നടത്തും. നഴ്‌സ് ജോലി വാഗ്ദാനംചെയ്ത് രണ്ടര മുതൽ മൂന്നുലക്ഷം രൂപ വരെ വാങ്ങി നൂറോളം പേരെയാണ് ഇയാൾ കബളിപ്പിച്ചത്. വിസിറ്റിംഗ് വിസയിൽ ദുബായിലെത്തി രണ്ടുമാസം കഴിഞ്ഞും ജോലിലഭിക്കാത്ത നഴ്‌സുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഫിറോസും കൂട്ടാളി ഇടപ്പള്ളി സ്വദേശി സത്താറും കുടുങ്ങിയത്.