vvvfv

ധാക്ക: വന്യജീവികളെ വ്യാപകമായി വേട്ടയാടിയതിന്​ വർഷങ്ങളായി പൊലീസ്​ തിരയുന്നയാൾ ഒടുവിൽ പിടിയിലായി. വംശനാശ ഭീഷണി നേരിടുന്ന 70 ബംഗാൾ കടുവകളെ ഉൾപ്പെടെ വന്യജീവികളെ വ്യാപകമായി വേട്ടയാടി സുന്ദർബൻ വനങ്ങളിൽ വിലസി നടന്ന 'കടുവ ഹബീബ്​' ആണ്​ രണ്ടു പതിറ്റാണ്ട് നീണ്ട പൊലീസ്​ തിരച്ചിലിനൊടുവിൽ വലയിലായത്​.

വനമേഖലയോടു ചേർന്ന്​ താമസമാക്കിയ ഇയാൾ ​പൊലീസ്​ എത്തുമ്പോൾ കാട്ടിനുള്ളിലേക്ക്​ ഓടി രക്ഷപ്പെടുകയായിരുന്നു പതിവെന്ന്​ പൊലീസ്​ മേധാവി സൈദു റഹ്​മാൻ പറഞ്ഞു. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ റിമാന്റ് ചെയ്തു.

ബംഗാൾ കടുവകൾ ലോകത്ത്​ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സുന്ദർബൻ വനങ്ങൾ ഇന്ത്യ- ബംഗ്ലദേശ്​ അതിർത്തിയോട് ചേർന്നാണ്​. ഇവിടങ്ങളിൽനിന്ന്​ വേട്ടയാടുന്ന കടുവകളുടെ തോല്​, എല്ല്​ എന്നിവ മാത്രമല്ല മാംസം വരെ ഹബീബ് വില്പന നടത്തിയിരുന്നതായാണ്​ സംശയം. ചൈനയിലുൾപ്പെടെ കണ്ണികളുണ്ടായിരുന്നതായും അന്വേഷണ സംഘത്തിന്​ സൂചന ലഭിച്ചിട്ടുണ്ട്​.

വനത്തിൽ തേൻ ശേഖരിക്കുന്ന ജോലിയുമായി തുടങ്ങിയാണ്​ ഇയാൾ കടുവ വേട്ടയിലെത്തിയത്​. ഒറ്റയ്ക്ക് പോയാണ്​ പലപ്പോഴും കടുവകളെ പിടികൂടുക. മാനുകളെയും പിടികൂടിയതിന്​ ഹബീഹിന്റെ പേരിൽ കേസുകളുണ്ട്​. 70 കടുവകളെ താൻ വേട്ടയാടിയതായി ഇയാൾ നാട്ടുകാരോട്​ പറഞ്ഞത്​ മാത്രമാണ്​ പൊലീസിന്റെ കൈവശമുള്ള തെളിവ്​.

സുന്ദർബനിലെ കണ്ടൽ വനങ്ങളോടു ചേർന്ന ഉപ്പുരസമുള്ള വെള്ളത്തിലിറങ്ങി മീൻ പിടിക്കുന്ന ബംഗാൾ കടുവകൾ നന്നായി നീന്തൽ വശമുള്ളവയാണ്​. 2019ലെ കണക്കുകൾ പ്രകാരം ഇവിടെ മാത്രം 114 ബംഗാൾ കടുവകൾ ഉണ്ടായിരുന്നതായാണ്​ കണ്ടെത്തൽ. 2004ൽ ഇവിടെയുള്ള കടുവകളുടെ എണ്ണം 440 ആയിരുന്നു.