ബെയ്ജിംഗ്: ഇന്ത്യയുമായി ഗാൽവാൻ താഴ്വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ചെെനീസ് സെെനികർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ ജനപ്രിയ ചെെനീസ് ബ്ലോഗർക്ക് എട്ടുമാസം തടവ്. 25 ദശലക്ഷം ഫോളോവേഴ്സുളള ക്യു സിമിംഗിന് രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തിയതിനു ശേഷം ചെെനയിൽ നടന്ന ഇത്തരത്തിലെ ആദ്യ കേസാണിതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യമാണ് ബ്ലോഗറെ അറസ്റ്റ് ചെയ്തത്.
പ്രധാന ആഭ്യന്തര പോർട്ടലുകളിലൂടെയും ദേശീയ മാദ്ധ്യമങ്ങളിലൂടെയും പത്തു ദിവസത്തിനകം ബ്ലോഗർ പരസ്യമായി മാപ്പു പറയണമെന്നും ജിയാംഗ്സു പ്രവിശ്യയിലെ നാൻജിംഗ് കോടതി ഉത്തരവിട്ടു. ക്യു തന്റെ കുറ്റം സത്യസന്ധമായി ഏറ്റുപറഞ്ഞ് കുറ്റസമ്മതം നടത്തി. ഇനി ഒരിക്കലും കുറ്റം ചെയ്യില്ലെന്ന് കോടതിയിൽ പറഞ്ഞു. അതിനാൽ അദ്ദേഹത്തിന് ലളിതമായ ശിക്ഷ നൽകുകയാണെന്ന് കോടതി വ്യക്തമാക്കി.
മാർച്ച് ഒന്നിന് ചെെനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവിയിൽ ബ്ലോഗർ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. എനിക്ക് എന്നെക്കുറിച്ച് വളരെ ലജ്ജതോന്നുന്നുവെന്ന് 38 കാരനായ ക്യു പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗാൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ തങ്ങളുടെ നാലു സെെനികർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ചെെന സമ്മതിച്ചതിന് പിന്നാലെയാണ് ബ്ലോഗർ വിവാദ പരാമർശം നടത്തിയത്.
പ്രതിവാര ഇക്കമോമിക് ഒബ്സർവറിന്റെ മുൻ റിപ്പോർട്ടറായ ക്യൂ രണ്ട് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കമാൻഡർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ടു. കാരണം അവിടുത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം എന്നായിരുന്നു ഒരു പോസ്റ്റ്. രണ്ടാമത്തെ പോസ്റ്റിൽ അധികാരികൾ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ ചെെനീസ് സെെനികർ പോരാട്ടത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് ക്യു അഭിപ്രായപ്പെട്ടു. ഏറ്റുമുട്ടലിൽ 45 ചെെനീസ് സെെനികർ കൊല്ലപ്പെട്ടതായി ഫെബ്രുവരിയിൽ റഷ്യൻ വാർത്താ ഏജൻസി ടാസ് അവകാശപ്പെട്ടിരുന്നു.