തിരുവനന്തപുരം: ഏതൊരു രോഗം പടർന്നു പിടിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇന്ന് സ്വാഭാവിക സംഭവമായി മാറിയിരിക്കുന്നു. കൊവിഡിനു പിന്നാലെ ആശങ്ക ഉണർത്തിക്കൊണ്ട് രാജ്യത്ത് അവതരിച്ച രോഗമാണ് ബ്ലാക്ക് ഫംഗസ്. ഭൂരിഭാഗം പേരും മുമ്പ് കേട്ടിട്ടു പോലുമില്ലാത്ത ഈ രോഗത്തെപ്പറ്റി നിരവധി വ്യാജ പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പാറിനടക്കുന്നത്.
സവാളയ്ക്കു പുറത്തെ കറുത്ത പൊടിയെപ്പറ്റി നിരവധി വ്യാജ പ്രചരണങ്ങൾ മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ബ്ലാക്ക് ഫംഗസിനു കാരണമാകുമെന്നാണ് പുതിയ പ്രചരണം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പാദാർത്ഥങ്ങെളിലൂടെയും ബ്ലാക്ക് ഫംഗസ് പകരാം എന്ന സന്ദേശവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.
ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. സവാള വാങ്ങുമ്പോള്‍ പുറത്തെ കറുത്ത പൊടി ശ്രദ്ധിക്കണം. അതാണ് ബ്ലാക്ക് ഫംഗസ്. ഫ്രിഡ്ജിനകത്തെ റബ്ബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക് ഫംഗസിന് കാരണമാകും. ഫ്രിജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ ബ്ലാക്ക് ഫംഗസ് നിങ്ങളുടെ ശരീരത്തിലെത്തും എന്നിങ്ങനെ പോകുന്നു വ്യാജ പ്രചരണങ്ങൾ.
എന്നാല്‍ ഈ പ്രചരണങ്ങളിൽ വസ്തുത ഒന്നും തന്നെയില്ലെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ദ്ധർ. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകൾ കാരണമാണ് സവാളയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂര്‍വമായി ഇത് ചില ഫംഗസ് അണുബാധയ്ക്ക് കാരണമാകും. എന്നാല്‍ ബ്ലാക്ക് ഫംഗസിന് കാരണമാകില്ല. എന്നാല്‍ ഉപയോഗിക്കുന്നതിന് മുമ്പ് സവാള നന്നായി കഴുകണമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ഫ്രിഡ്ജിലെ തണുത്ത പ്രതലത്തില്‍ ബാക്ടീരിയകളും സൂക്ഷ്മാണുക്കളുമുണ്ടാകും എന്നത് സത്യമാണ്. എന്നാല്‍ ഇവയ്ക്ക് ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. ബ്ലാക്ക് ഫംഗസിന് കാരണമാകുകയും ചെയ്യില്ല. എങ്കിലും ചില രോഗങ്ങള്‍ക്ക് കാരണക്കാരായേക്കാം. അതിനാല്‍ ഇത് നീക്കം ചെയ്യുന്നതാണ് ഉത്തമമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.