black-fungus

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗം ഭേദമായവര്‍ കഴിക്കേണ്ട തുടര്‍മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. ബ്ലാക്ക് ഫംഗസ് രോഗികള്‍ക്ക് നീണ്ടു നില്‍ക്കുന്ന തുടര്‍ ചികിത്സ അനിവാര്യമായിരിക്കെയാണ് സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധി രൂക്ഷമാകുന്നത്. ഇന്നലെ മുംബയിൽ നിന്ന് മരുന്നെത്തിക്കാനുളള ശ്രമം നടത്തിയെങ്കിലും ഒടുവിലത് പാളുകയായിരുന്നു.

ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ള വൃക്കരോഗികള്‍ക്ക് ലൈപോസോമല്‍ ആംഫോടെറിസിന്‍ ഇഞ്ചക്ഷനും മറ്റുള്ളവര്‍ക്ക് ആംഫോടെറിസിനുമാണ് നല്‍കികൊണ്ടിരുന്നത്. രോഗം സ്ഥിരീകരിച്ച് മൂന്നു മുതല്‍ ആറാഴ്‌ച വരെ ഇത് വേണ്ടി വരും. രോഗം ഭേദമായി ആശുപത്രി വിട്ടതിന് ശേഷം മൂന്നു മുതല്‍ ആറ് മാസം വരെ ഗുളിക കഴിക്കണം. എന്നാൽ ഈ മരുന്നുകൾ കിട്ടാനേയില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

മരുന്നുകൾ ലഭ്യമായാല്‍ തന്നെ പലതിനും അമിതവിലയാണ് ഈടാക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് നിലവില്‍ പതിനെട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളളത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ഡിസ്‌ചാര്‍ജിന് ശേഷം കഴിക്കേണ്ട മരുന്നുകളുടെ ലഭ്യതക്കുറവ് കാരണം ആശുപത്രിയില്‍ തന്നെ തുടരേണ്ട അവസ്ഥയാണ്.