rsp

തിരുവനന്തപുരം: മുന്നണി മാറേണ്ടി വന്നാല്‍ ഉചിതമായ സമയത്ത് മാറുമെന്ന സംസ്ഥാന സെക്രട്ടറി എ എ അസീസിന്‍റെ പരാമര്‍ശത്തിന് പിന്നാലെ ആർ എസ് പിയിലും യു ഡി എഫിലും പൊട്ടിത്തെറി. അസീസിന്‍റെ പരാമർശത്തിൽ യു ഡി എഫ് നേതൃത്വം കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. മുന്നണി മാറേണ്ടതിനെപ്പറ്റി കമ്മിറ്റിയില്‍ ചര്‍ച്ചയുണ്ടായെന്ന് അസീസ് പരസ്യമായി പറഞ്ഞതില്‍ പാര്‍ട്ടി നേതാക്കളും വിയോജിപ്പറിയിച്ചു.

അസീസ് നടത്തിയ പരാമർശങ്ങളിൽ എന്‍ കെ പ്രേമചന്ദ്രനും ഷിബു ബേബി ജോണും ബാബു ദിവാകരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ സെക്രട്ടറിയെ നേരിൽ വിളിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. പാര്‍ട്ടിയേയും മുന്നണിയേയും തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കാനായിരുന്നു ഇന്നലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. എന്നാല്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ അവസരമുണ്ടായാള്‍ അപ്പോള്‍ നോക്കാമെന്ന നിലയിലായിരുന്നു അസീസിന്‍റെ പരാമര്‍ശം.

പാര്‍ട്ടി കമ്മിറ്റിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ പുറത്തുപറയുന്നത് അച്ചടക്കലംഘനമാണെന്നിരിക്കെയാണ് ചര്‍ച്ചയുടെ വിശദാംശം അസീസ് പരസ്യമാക്കിയത്. മുന്നണിമാറ്റമാണ് ഉചിതമെന്ന നിലയിലേക്ക് ആർ എസ് പിയിൽ ചർച്ച നടന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണി മാറുന്നത് ആലോചിക്കാനേ ആവില്ലെന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാൽ യു ഡി എഫില്‍ നില്‍ക്കവെ അസീസ് നടത്തിയ പരാമര്‍ശം പാര്‍ട്ടി അണികള്‍ക്കുളളിൽ ആശയകുഴപ്പമുണ്ടാക്കുമെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവർ പറയുന്നത്. ആര്‍ എസ് പിക്കൊപ്പം കൊല്ലത്തും ചവറയിലും ഉള്‍പ്പടെ അധ്വാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശ്വാസം ഇല്ലാതാക്കുന്നതാണ് അസീസിന്‍റെ പരാമര്‍ശമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍.