തിരുവനന്തപുരം: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്ന വിദ്യാർത്ഥികൾ പകരം സംവിധാനത്തിന്‍റെ കാര്യത്തിൽ കടുത്ത ആശയക്കുഴപ്പത്തിലാണ്. കേരള സിലബസിൽ പ്ലസ് ടൂ പരീക്ഷ തീർന്നതിനാൽ എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തള്ളപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക. സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി കഴിഞ്ഞതിനാല്‍ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം കഴിഞ്ഞ് ഫലം എത്തുമ്പോഴേക്കും ബിരുദ പ്രവേശനം തുടങ്ങുമെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.
കഴിഞ്ഞവര്‍ഷം ഹോം സയൻസ്, ഹിന്ദി, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്‌സ് പ്രാക്‌ടീസസ്, ബിസിനസ് സ്റ്റഡീസ്, ബയോടെക്നോളജി, ജ്യോഗ്രഫി, സോഷ്യോളജി, മലയാളം എന്നീ പരീക്ഷകള്‍ മാത്രമാണ് റദ്ദാക്കിയത്. പകരം ഈ പേപ്പറുകൾക്ക് സ്‌കൂളിൽ നടത്തിയ മൂന്ന് പരീക്ഷകളുടെ മാർക്ക് നോക്കി ഗ്രേഡ് നിശ്ചയിച്ചു. സ്‌കൂൾ പരീക്ഷകള്‍ കാര്യമായി കാണാതെ അവസാനപരീക്ഷയ്ക്ക് ഉത്സാഹിച്ച് പഠിച്ച് മാര്‍ക്ക് നേടുന്നുവരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.
ജെ ഇ ഇ മെയിൻ പോലെയുള്ള പരീക്ഷകള്‍ക്ക് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയുണ്ട്. ബി ആർക് / ബി പ്ലാനിംഗ് പ്രവേശനത്തിനും പന്ത്രണ്ടാം ക്ലാസിലെ മൊത്തം മാർക്ക് പരിഗണിക്കുമ്പോൾ ഊഹക്കണക്ക് ദോഷമായേക്കാം. മാര്‍ക്കില്‍ തൃപ്‌തിയില്ലാതെ പരീക്ഷ എഴുതുന്നവര്‍ നേരത്തെ കോഴ്‌സുകൾക്ക് പ്രവേശനം നേടിയവരെക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയാല്‍ അത് തര്‍ക്കങ്ങള്‍ക്കിടയാക്കുകയും ചെയ്യാം.
കഴിഞ്ഞ വർഷം കേരള എഞ്ചിനീയറംഗിൽ ആദ്യത്തെ 5000 റാങ്കിൽ 2477 പേരും സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസുകാരായിരുന്നു. 2280 പേരാണ് കേരള ഹയർ സെക്കൻഡറിയില്‍ നിന്നുള്ള വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്. പന്ത്രണ്ടാം ക്ലാസിലെ ഫിസികിസ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിലെ അമ്പത് ശതമാനം മാർക്കും പ്രവേശന പരീക്ഷയിലെ അമ്പത് ശതമാനവും ചേർത്താണ് റാങ്ക് തയാറാക്കുന്നത്. പൊതുപരീക്ഷ ഇല്ലാത്ത സാഹചര്യത്തിൽ എങ്ങനെ സ്കോർ നിശ്ചയിക്കുമെന്നതാണ് പ്രധാന പ്രശ്‌നം.