കോവളം: വിഴിഞ്ഞത്ത് കാറ്റിൽപ്പെട്ട് മറിഞ്ഞ മത്സ്യബന്ധന ബോട്ടിൽ നിന്ന് രക്ഷപ്പെട്ട പൂന്തുറ സ്വദേശികളായ നെപ്പോളിയനെയും തോമസിനെയും ദൈവദൂതനെ പോലെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത് കൽക്കട്ട സ്വദേശിയായ സുബ്രദോ ബിശ്വാസാണ്. ഇയാൾ ഇന്നലെ ഇവരെ കാണാനെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് വിഴിഞ്ഞത്ത് അപകടം നടക്കുമ്പോൾ സുബ്രദോ അവിടെ ഉണ്ടായിരുന്നു.
സന്നാഹങ്ങൾ എല്ലാം ഉണ്ടായിട്ടും കൂറ്റൻ തിരകളെ രക്ഷാഏജൻസികൾ ഭയന്നിടത്ത് നിലവിളികൾ കേട്ടഉടനെ ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച ചെറിയ ബോട്ടിൽ സുബ്രദോ രക്ഷയ്ക്കായി ഇറങ്ങുകയായിരുന്നു. നെപ്പോളിയനും തോമസും രക്ഷപ്പെട്ടവരുടെ ബന്ധുക്കളും സുബ്രദോയെ കണ്ടപ്പോൾ തങ്ങളുടെ സന്തോഷം മറച്ചുവച്ചില്ല. കൈകൾ കൂപ്പി അവർ സുബ്രദോയ്ക്ക് നന്ദി പറഞ്ഞു. മുന്നറിയിപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ തീരത്തുനിന്ന് 15 കിലോമീറ്റർ ഉള്ളിലെത്തിയപ്പോഴാണ് വില്ലാനായി കാറ്റെത്തിയത്. ഉടൻ തന്നെ തിരികെ തീരത്തേക്ക് തിരിച്ചു.
തിരികെ ഹാർബറിലേക്ക് കയറുമ്പോഴാണ് വള്ളം അപകടത്തിൽപ്പെട്ട് മറിയുന്നത്. ഉച്ചത്തിൽ സഹായം അഭ്യർത്ഥിക്കുകയും ദൈവത്തെ വിളിക്കുകയും ചെയ്യുന്നതിനിടെയാണ് ഞങ്ങളുടെ അടുത്തേക്ക് സുബ്രദോ എത്തിയതെന്ന് തോമസും നെപ്പോളിയനും പറഞ്ഞു. ഒരു മണിക്കൂറോളം പൂന്തുറ പള്ളിക്ക് സമീപം ഇവർക്കൊപ്പം ചെലവഴിച്ച ശേഷമാണ് സുബ്രദോ മടങ്ങിയത്.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിന് കീഴിലെ തൊഴിലാളിയായ സുബ്രദോ ഇപ്പോൾ വിഴിഞ്ഞത്തുകാർക്ക് പ്രിയങ്കരനാണ്. സുബ്രദോ ബിശ്വാസിനെ കഴിഞ്ഞദിവസം ഗവർണർ മുഹമ്മദ് ആരിഫ്ഖാൻ നേരിട്ടുവിളിച്ച് അഭിനന്ദിച്ചിരുന്നു.