ന്യൂഡൽഹി: ബംഗാളിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലെ പോരിന് അയവില്ല. യാസ് ചുഴലിക്കാറ്റിനെ തുടർന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ 15 മിനിട്ട് വൈകിയതിന് അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ആലാപൻ ബന്ദോപാദ്ധ്യായയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് നൽകി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മേയ് 28നായിരുന്നു യോഗം. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാത്തതിന് അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ആലാപനെ ഉടനെ ഡൽഹിയിലേക്ക് വരാനും കേന്ദ്ര ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് കേന്ദ്ര സർവീസിലേക്ക് തിരികെ വിളിച്ചിരുന്നു. എന്നാൽ കേന്ദ്ര സർവീസിലേക്ക് മടങ്ങാതെ മേയ് 31ന് ആലാപൻ ബന്ദോപാദ്ധ്യായ വിരമിച്ചു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായി അദ്ദേഹത്തെ മമതാ ബാനർജി നിയമിച്ചു.
മേയ് 28ലെ സംഭവത്തിന്റെ തുടർച്ചയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇപ്പോൾ ആലാപന് നോട്ടീസ് നൽകിയത്. ദുരന്ത നിവാരണ നിയമപ്രകാരമാണ് നോട്ടീസ്. കേന്ദ്ര സർക്കാർ നടപടിയിൽ തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ശക്തമായ വിമർശനമാണ് ഉണ്ടായത്. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് നിയമവിരുദ്ധവും പ്രതികാര നടപടിയുമാണെന്ന് തൃണമൂൽ എം.പി സുഖേന്ദു ശേഖർ റോയ് പ്രതികരിച്ചു.
എന്നാൽ ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്കെതിരെ ശക്തമായ നടപടി വേണമെന്നായിരുന്നു ബിജെപിയുടെ സുവേന്ദു അധികാരിയുടെ പ്രതികരണം. മീറ്റിംഗിൽ ചീഫ് സെക്രട്ടറിയെത്താൻ പ്രധാനമന്ത്രിയും മറ്റ് ഉന്നത അധികാരികളും 15 മിനുട്ടോളം കാത്തിരുന്നെന്നും എന്നാൽ ആലാപൻ ബന്ദോപാദ്ധ്യായ ഹാജരായില്ലെന്നും സുവേന്ദു ആരോപിച്ചു. അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ഇതാദ്യമായല്ല പശ്ചിമ ബംഗാളിലെ ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാരുമായി ഉരസലുണ്ടാകുന്നത്. ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്‌ഡയുടെ ബംഗാൾ സന്ദർശന വേളയിൽ അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായപ്പോൾ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.