ചില വ്യക്തികൾ ഓരോരുത്തരുടെയും ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്താറുണ്ട്. സ്നേഹപൂർണ്ണമായ അത്തരം ചില സ്വാധീനങ്ങൾ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. അത്തരമാളുകൾ പോകുമ്പോൾ ഉണ്ടാകുന്ന നഷ്ടം പറഞ്ഞറിയിക്കാനാവില്ല. കഴിഞ്ഞ ദിവസം അന്തരിച്ച ഡി.കൃഷ്ണവാര്യർ (ബാബു ) പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി.എൻ.കരുണിനെ സംബന്ധിച്ചിടത്തോളം ഭാര്യ അനസൂയയുടെ സഹോദരൻ മാത്രമായിരുന്നില്ല. ജീവിതയാത്രയിൽ വഴികാട്ടിയെപ്പോലെ നിന്ന ഉറ്റചങ്ങാതിയായിരുന്നു.
ഹൃദയനൈർമ്മല്യം ഉള്ള വ്യക്തിയായിരുന്നു ശ്രീ.കൃഷ്ണവാര്യർ. അഗാധമായ അറിവുള്ളയാൾ.ശാസ്ത്രവിഷയങ്ങളിൽ പ്രത്യേകിച്ചും.ഒരുറുമ്പിനെപ്പോലും നോവിക്കാൻ ആഗ്രഹിക്കാത്ത വലിയ മനസിന്റെ ഉടമ. മറ്റൊരാളിനോട് സംസാരിക്കുമ്പോൾ ബഹുമാനം കലർന്ന വാക്കുകളെ ഉപയോഗിക്കുകയുള്ളു. സി-ഡാക്കിൽ അഡീഷണൽ ഡയറക്ടറായിരുന്നു. കാമറയുടെ കൗതുകലോകത്തേക്ക് ഷാജി എൻ കരുണിനെ തിരിച്ചുവിട്ടത് ഒരർത്ഥത്തിൽ കൃഷ്ണവാര്യരായിരുന്നു.
'അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിനൊപ്പം തിരുവനന്തപുരത്ത് പേട്ട കണ്ണമ്മൂലയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്.. അന്ന് ഏഴിലാണ് പഠിക്കുന്നത്. അയൽപക്കത്ത് ഡോ. പി.കെ.ആർ. വാര്യരും കുടുംബവും. വാര്യരുടെ മകൻ ബാബുവായിരുന്നു പ്രധാന കൂട്ട്.( ഡോ.വാര്യരുടെ മകൾ അനസൂയയാണ് പിന്നീട് ഷാജിയുടെ ജീവിത സഖിയായത്.ഷാജിയുടെ സഹോദരി ഷീലയെ ബാബുവും വിവാഹം ചെയ്തു.) പഠിച്ച് ഡോക്ടറാവണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം.
പ്രീഡിഗ്രിക്ക് മാർ ഇവാനിയോസ് കോളേജിലാണ് ചേർന്നത്. ബാബുവിന്റെ പ്രധാന വിനോദം മൗണ്ടനീയറിംഗ് ആണ്. സംഘമായി നാലും അഞ്ചും ദിവസത്തേക്ക് യാത്ര പോകും. നാഗർകോവിലിനടുത്തൊക്കെയുള്ള ചില ട്രെക്കിംഗ് കേന്ദ്രങ്ങളുണ്ട്. ബാബുവിന്റെ കൈവശം ഇംഗ്ളണ്ടിൽ നിന്ന് കൊണ്ടുവന്ന നല്ല ഒരു കാമറയുണ്ട്. അതിന്റെ കസ്റ്റോഡിയൻ ഞാനായിരുന്നു.
മൗണ്ടനിയറിംഗിന് പോകുമ്പോൾ ഫോട്ടോ എടുക്കേണ്ട ഉത്തരവാദിത്തവും എനിക്കായിരുന്നു. കാമറയിലൂടെ മുകളിലേക്കും താഴ്വാരത്തേക്കുമുള്ള കാഴ്ചകൾ ആകർഷിച്ചു. പ്രകൃതി അതിന്റെ വിവിധ ഭാഗങ്ങളിൽ കളർഫുളായി കാണുന്നു. സൂര്യപ്രകാശത്തിന്റെ ഭാവതലങ്ങൾ... ഉദയവും അസ്തമയവും പ്രകൃതിദത്തമായ ലൈറ്റിംഗ് പാറ്റേണുകൾ. കാമറയിലും അതിലൂടെ ഫോട്ടോഗ്രാഫിയിലേക്കും ഷാജിയുടെ താത്പര്യം വളരുകയായിരുന്നു.എടുത്തുകൊണ്ടുവരുന്ന ഫോട്ടോകൾ തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള എ വൺ സ്റ്റുഡിയോയിൽ പ്രൊസസ് ചെയ്തിരുന്നു. ലാബിനകത്തു കയറാനൊക്കെ സ്റ്റുഡിയോ ഉടമ അനുവാദം നൽകിയിരുന്നു.ആ ചിത്രങ്ങളെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് ബാബുവായിരുന്നു." -ഷാജി എൻ.കരുൺ ഈ ലേഖകനോട് ഒരിക്കൽ പറഞ്ഞതോർക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം കിട്ടിയ വേളയിലാണ് ഷാജിക്ക് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിക്കുന്നത്.അന്ന് ഛായാഗ്രഹണം പഠിച്ചാൽ മതിയെന്ന് ഷാജിയുടെ വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കാൻ മുന്നിൽനിന്നത് ബാബുവായിരുന്നു.കഴിഞ്ഞ ഒരുവർഷമായി രോഗബാധിതനായിരുന്നു.ഫിസിക്സായിരുന്നു ഇഷ്ടവിഷയം. ഷാജിയുടെ മകൻ ഐസറിൽ ഡീനായ അനിലിനെ ഫിസിക്സിലേക്ക് ആകർഷിച്ചതും ബാബുവായിരുന്നു.
ഷാജിയുടെ ജീവിതത്തിന്റെ ഒരുഭാഗമാണ് വിടപറഞ്ഞത്.ഷാജിക്കും അനസൂയയ്ക്കും ബാബുവിന്റെ കുടുംബത്തിനും മാത്രമല്ല ബാബുവിനെ ഒരിക്കൽ പരിചയപ്പെട്ടവർക്കുപോലും ആ വിയോഗം ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും.