ആലിൻചുവടിന്റെ സാംസ്കാരികകേന്ദ്രങ്ങൾ പ്രധാനമായും മൂന്നാണ്. അവയിൽ ശ്രീകൃഷ്ണക്ഷേത്രം തന്നെയാണ് ഏറ്റവും പുരാതനം. ഏതാനും തലമുറകൾക്കു ശേഷമുണ്ടായതാണ് ഗ്രാമോദ്ധാരണഗ്രന്ഥശാല. ഏറ്റവുമൊടുവിൽ പുതിയ തലമുറയിലെ ചെറുപ്പക്കാർ രൂപം കൊടുത്ത ഉദയാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. രാമഭദ്രന് മൂന്നു സ്ഥലങ്ങളുമായും ബന്ധമുണ്ടായിരുന്നു. ലക്ഷ്മണൻ ക്ഷേത്രത്തെ ബഹിഷ്കരിച്ചു.ഗ്രന്ഥശാലയുടെയും കലാസമിതിയുടെയും സജീവപ്രവർത്തകനായി.ക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളോടുമാത്രമാണ് അവൻ മുഖം തിരിച്ചിരുന്നത്. ഉത്സവവേളകളിലെ കലാപരിപാടികളിൽ സജീവമായി അവന്റെ പങ്കാളിത്തമുണ്ടായിരുന്നു.
പഴയകാലത്ത് അനുഷ്ഠാനകലകൾക്കു മാത്രമായിരുന്നു ക്ഷേത്രത്തിൽ സ്ഥാനം. പകൽസമയത്ത് തുള്ളലുണ്ടാവും. കലാപരിപാടികളിൽ ഏറ്റവും മുഖ്യം കഥകളി തന്നെയായിരുന്നു. പയ്യെപ്പയ്യെ തലമുറകളുടെ മാറ്റം കലാപരിപാടികളിലും പ്രതിഫലിച്ചു. ഒരു ഘട്ടത്തിൽ ഉത്സവപ്പറമ്പുകളുടെ ഹരമായി മാറിയത് കഥാപ്രസംഗമായിരുന്നു. പഴയ കാലത്ത് ക്ഷേത്രങ്ങളിലെ മുഖ്യകലാപരിപാടിയായിരുന്ന ഹരികഥാകാലക്ഷേപത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് കഥാപ്രസംഗം. ഹരികഥയിൽ, പേര് സൂചിപ്പിക്കുന്നതു പോലെ, ഈശ്വരകഥയാണ് പ്രതിപാദ്യം. കഥ പറയുന്നതിനേക്കൾ പാട്ടിനാണ് പ്രാധാന്യം. ഹരികഥയെ പുറത്താക്കിക്കൊണ്ട് ക്ഷേത്രാങ്കണങ്ങളിൽ തന്നെ തഴച്ചുവളർന്നതാണ് കഥാപ്രസംഗം. സാമൂഹിക കഥകൾക്കാണ് അവിടെ സ്ഥാനം. പാട്ടിനേക്കാൾ കഥ പറയുന്നതിനാണ് പ്രാധാന്യം. ഹാരികഥാകാലക്ഷേപക്കാരന്റെ പ്രധാനസംഗീതോപകരണം പാട്ടും കഥയും അവതരിപ്പിക്കുന്ന ആൾ ഉപയോഗിക്കുന്ന ചപ്ലാങ്കട്ടയായിരുന്നു. കഥാപ്രസംഗക്കാർ ചപ്ലാങ്കട്ടയെ തുടക്കത്തിലേ ഉപേക്ഷിച്ചു.
ഹാർമോണിയവും തബലയുമായിരുന്നു അവരുടെ പ്രധാന സംഗീതോപകരണങ്ങൾ. ചിലർ ക്ലാരിനെറ്റുമുപയോഗിച്ചു.മത്സരം ഏറിയപ്പോൾ ഗിത്താറിലേക്കും ട്രിപ്പിൾ ഡ്രമ്മിലേക്കുമൊക്കെ പുരോഗമിച്ചു. കഥാപ്രസംഗത്തെ ഏറ്റവും ജനകീയമാക്കിയത് സാംബശിവനാണ്. കഥാപ്രസംഗങ്ങൾ പൊതുവെ കമ്മ്യൂണിസ്റ്റാശയങ്ങൾക്ക് പ്രാമുഖ്യം നൽകിയിരുന്നു.കേരളത്തിൽ കമ്യൂണിസത്തെ ജനകീയമാക്കുന്നതിൽ നാടകമെന്നപോലെ കഥാപ്രസംഗവും വലിയ പങ്കു വഹിച്ചു. ക്ഷേത്രാന്തരീക്ഷങ്ങളിൽ പ്രചരിച്ചിരുന്ന വില്ലടിച്ചാൻ പാട്ടിനുമുണ്ടായി ഇത്തരമൊരു പരിണാമം. വില്ലിലടിച്ചു ഈശ്വരകഥകൾ പാടുകയായിരുന്നു പണ്ടതിന്റെ സ്വഭാവം. അത് വിൽപ്പാട്ടായി മാറിയപ്പോൾ വില്ലിന്റെ നടുക്ക് വില്ലടിക്കുന്ന ആൾ. അയാളുടെ ഒരു വശത്ത് കഥ പറയുന്നയാൾ. മറുവശത്ത് പാട്ടു പാടുന്ന വ്യക്തി. പാട്ടിന്റെ പ്രാധാന്യം കഥാകഥനത്തിനു വഴിമാറി. കഥകളുടെ രീതിയും മാറി. ഈശ്വരകഥകൾക്കു പകരം സാമൂഹികകഥകൾ വന്നു. ഈ പരിവർത്തനഘട്ടത്തിൽ ഒരിക്കൽ ആലിൻചുവട് ക്ഷേത്രത്തിലെ പരിപാടിക്ക് നാഗര്കോവിലിലുള്ള ഒരു വില്ലടിച്ചാമ്പാട്ടു സംഘത്തെ കൊണ്ടുവന്നു.അവർ പരമ്പരാഗതരീതിയിൽ വില്ലടിച്ചാമ്പാട്ടവതരിപ്പിച്ചു. ചെറുപ്പക്കാർ രോഷാകുലരായി.ചൊറിയണം കൊണ്ട് ഒരു മാലയുണ്ടാക്കി അവർ അത് വില്ലടിക്കുന്ന ആശാന്റെ കഴുത്തിലിട്ടുകൊടുത്തു. ചൊറിഞ്ഞു വശം കേട്ട ആശാൻ ഒടുവിൽ വില്ലുമായി ചാടിയെഴുന്നേറ്റ് തമിഴിൽ തെറിയഭിഷേകമായി.
സ്കൂൾ ജീവിതത്തിന്റെ അവസാനകാലത്ത് വാർഷികത്തിന് രാമഭദ്രനും ലക്ഷ്മണനും ഒരു വിൽപ്പാട്ടിൽ പങ്കെടുത്തിരുന്നു.രാമൻ പാട്ടുകാരനും ലക്ഷ്മണൻ കഥപറച്ചിൽക്കാരനുമായിരുന്നു. അവരൊന്നിച്ചു പങ്കെടുത്തിട്ടുള്ള ഏക കലാപരിപാടിയായിരുന്നു അത്.
ക്ഷേത്രകമ്മിറ്റിയുടെ അംഗങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ ആഗ്രഹമായിരുന്നു ആറാട്ടിന്റെ വിപുലമായ പരിപാടിക്ക് സാംബശിവന്റെ കഥാപ്രസംഗം വയ്ക്കണമെന്നത്.പ്രേം നസീറിനെക്കാൾ ജനപ്രിയതയുണ്ട് സാംബനെന്നാണ് അവരുടെ വാദം. കമ്മിറ്റിയിലുള്ള ലക്ഷ്മണൻ ഇല്ലാത്ത രാമഭദ്രനോട് പാരമ്പര്യവാദികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ സഹായമഭ്യർത്ഥിച്ചു. അതിനൊരു കാരണമുണ്ട്.മുൻപൊരിക്കൽ മേപ്പൂക്കടയിൽ സാംബശിവന്റെ കഥാപ്രസംഗം നടന്നപ്പോൾ ലക്ഷ്മണനും കൂട്ടുകാരും പോകുന്നതറിഞ്ഞു താൻ കൂടി വരുന്നുവെന്ന് രാമഭദ്രൻ പറഞ്ഞു. വിശ്വാസികളെ വിമർശിക്കുന്ന ആളാണ് സാംബശിവനെന്നും അവിടെ ചേട്ടനെന്തു കാര്യമെന്നും ലക്ഷ്മണൻ ചോദിച്ചു. ഷേക്സ്പിയറുടെ 'ഒഥല്ലോ" ആണ് അവിടെ അവതരിപ്പിക്കപ്പെടുന്നതെന്നും ഷേക്സ്പിയർ കൃതി ആരവതരിപ്പിച്ചാലും തനിക്കു കേൾക്കാൻ താല്പര്യമുണ്ടെന്നും രാമഭദ്രൻ മറുപടി പറഞ്ഞു.പരിപാടി കഴിഞ്ഞശേഷം ലക്ഷ്മണൻ അഭിപ്രായം ചോദിച്ചപ്പോൾ രാമഭദ്രൻ പറഞ്ഞത്, കുറച്ചു പറഞ്ഞു കൂടുതൽ ധ്വനിപ്പിക്കുന്നതാണ് കലയെന്നും കഥാപ്രസംഗം അമിതവാചാലത കൊണ്ട് കലാവിരുദ്ധമാവുന്നുവെന്നും എന്നാൽ, വിശ്വസാഹിത്യത്തെ സാധാരണക്കാരായ മലയാളികൾക്ക് ഭംഗിയായി പരിചയപ്പെടുത്തുന്നു എന്നതുകൊണ്ട് സാംബശിവന്റെ കഥാപ്രസംഗത്തിന് അതിന്റെതായ പ്രസക്തിയുണ്ടെന്നുമാണ്. സാംബശിവന്റെ കഥാപ്രസംഗരജതജൂബിലിക്ക് വി.ജെ.ടി,ഹാളിൽ വച്ച് അദ്ദേഹത്തിന് ഒരു സ്വീകരണം നൽകിയിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന്റെ പുതിയ കഥാപ്രസംഗമായ ബിമൽ മിത്രയുടെ 'വാങ്ങാം" എസ് .കെ.പൊറ്റെക്കാട്ട് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ,സാഹിത്യ, സാംസ്കാരികരംഗങ്ങളിലെ ഒട്ടേറെ പ്രമുഖവ്യക്തികൾ പങ്കെടുത്ത ആ പരിപാടിയിൽ രാമഭദ്രന് ഏറ്റവും കൗതുകമായി തോന്നിയത് ക്ലാസിൽ വച്ച് അമിതവാചാലത കാരണം കുഞ്ചൻ നമ്പ്യാരുടെ കൃതികൾക്ക് പോലും സാഹിത്യമണ്ഡലത്തിൽ പ്രവേശനമില്ലെന്നും കഥാപ്രസംഗങ്ങൾക്കും അതുകൊണ്ട് കലയുടെ മേഖലയിലേക്ക് കടക്കാൻ കഴിയുകയില്ലെന്നും പറഞ്ഞ അദ്ധ്യാപകനായ സാഹിത്യകാരൻ സാംബശിവനെ വാനോളം പുകഴ്ത്തിക്കൊണ്ട് സംസാരിച്ചു എന്നതാണ്. ഒന്നുരണ്ടു വർഷങ്ങളിൽ എന്തായാലും പാരമ്പര്യവാദികൾ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ക്ഷേത്രമൈതാനത്ത് ഈശ്വരനിഷേധം പറയാനനുവദിക്കില്ലെന്ന പിടിവാശിയിലായിരുന്നു അവർ. മൂന്നാം പ്രാവശ്യം പുരോഗമനവാദികൾക്ക് മേൽക്കൈ ലഭിച്ചു. അവർ സാംബശിവന്റെ പരിപാടി ഉൾപ്പെടുത്തുകയും ചെയ്തു. ആ രാത്രിയിലെ സാംബശിവന്റെ രണ്ടാമത്തെ പ്രോഗ്രാമായിരുന്നു ആലിന്ചുവട്ടിലേത്.അദ്ദേഹത്തിന്റെ പരിപാടിയാരംഭിക്കേണ്ട പത്തുമണി വരെ ഗാനമേളയും നൃത്തനൃത്യങ്ങളും നടന്നു. സന്ധ്യമയങ്ങിയപ്പോൾത്തന്നെ അന്തരീക്ഷം ഇരുണ്ടു.ഒരു വല്ലാത്ത തണുത്ത കാറ്റ് വീശി. രാമഭദ്രൻ ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം നടത്തി ഗണപതി പ്രതിഷ്ഠയ്ക്കടുത്തെത്തിയപ്പോൾ ആരോ നിന്ന് ഒന്നിന് പിന്നിലൊന്നായി അഞ്ചു നാളികേരങ്ങൾ ഉടയ്ക്കുന്നതുകണ്ടു.
''ബാലനല്ലേ?""
ബാലൻ വിളറി. പുരോഗമനവാദികളിലെ പ്രമുഖനും നിരീശ്വരവാദിയുമാണ് ബാലൻ.
''തേങ്ങാ ഉടയ്ക്കുന്നത്?""
രാമഭദ്രൻ ചോദിച്ചു.അങ്ങുമിങ്ങും പരിഭ്രമത്തോടെ നോക്കിയിട്ട് ബാലൻ പറഞ്ഞു:
''രാമാ, നീയാരോടും പറയരുത്. സാംബന്റെ പരിപാടിക്ക് മഴ പെയ്യാതിരിക്കാൻ വേണ്ടിയാണ്.ഏതു തെണ്ടിയാണ് നമ്മളെ രക്ഷിക്കാൻ വരുന്നതെന്ന് ആർക്കറിയാം?""
പറഞ്ഞു കഴിഞ്ഞു ബാലൻ ശരവേഗത്തിൽ പുറത്തേക്കിറങ്ങിപ്പോയി.
ആ നാളികേരങ്ങൾ പാഴായി. പത്തുമണിക്ക് സാംബശിവൻ എത്തി. പത്തരയായപ്പോൾ കഥ പറയാൻ തുടങ്ങി. മൂന്നാമതൊരു പരിപാടി കൂടിയുണ്ടത്രേ അന്നുതന്നെ സാംബശിവന്.
രണ്ടുവശത്തു മേശകൾ. അവയ്ക്കുമുകളിൽ ഹാർമോണിയവും തബലയും. അത് കൈകാര്യം ചെയ്യുന്നവർ ചെറുതായി താളമിട്ടു.മേശകൾക്കിടയിൽ മൈക്ക്. വശത്ത് ക്ലാരിനെറ്റുമായി ഒരു കലാകാരൻ. വാദ്യം മുറുകിയമർന്നപ്പോൾ സാംബശിവൻ രംഗത്തുവന്നു. കൈയടി മുഴങ്ങി. മൈക്കിനുപിന്നിലെത്തി സാംബശിവൻ നിന്നു. അദ്ദേഹം തുടങ്ങി:
''സുഹൃത്തുക്കളേ , സമയം അതിക്രമിച്ചുപോയതുകൊണ്ട് ആമുഖങ്ങൾക്കൊന്നും നിൽക്കാതെ കഥയിലേക്ക് കടക്കുകയാണ്.""
അതിശക്തമായ ഒരു കാറ്റ് വീശി.
സാംബശിവൻ തുടർന്നു:
''കഥാപ്രസംഗ പ്രസ്ഥാനത്തിലൂടെ മലയാളികളുടെ മനം കവർന്നവിശ്വസാഹിത്യത്തിലെ ഒരനശ്വരകഥാനായിക 'അനീസ്യ." വിശ്വവിഖ്യാതസാഹിത്യകാരനായ കൗണ്ട് ലിയോ ടോൾസ്റ്റോയിയുടെ ' പവർ ഓഫ് ഡാർക്നെസ്" അഥവാ 'തമശ്ശക്തി" എന്ന നാടകത്തിലെ കഥാനായിക 'അനീസ്യ."
'പുഷ്പിതജീവിതവാടിയിലോരപ്സരകന്യകയാണനീസ്യ."
തകർത്തുപെയ്ത മഴയിൽ കഥാപ്രസംഗത്തിലെ ആ ആദ്യവരിപോലും ആരുടേയും ചെവിയിലെത്തിയില്ല.
ഓടിപ്പാഞ്ഞു മരങ്ങളുടെയോ കെട്ടിടങ്ങളുടെയോ കീഴെ അഭയം പ്രാപിച്ചവർ ചെവി വട്ടം പിടിച്ചു. സാംബശിവൻ ശബ്ദമുയർത്തി മഴയെ തോൽപിക്കാൻ ശ്രമിക്കുകയാണ്.
'പുഷ്പിതജീവിതവാടിയിലൊരപ്സരകന്യകയാണനീസ്യ""
പിന്നെ ഏറെക്കാലത്തോളം ആലിൻചുവട്ടിലെ വിശ്വാസികൾ തരം കിട്ടുമ്പോഴൊക്കെ ആ കഥാപ്രസംഗകഥ ചർച്ച ചെയ്തു.അവിശ്വാസത്തിനുമേൽ വിശ്വാസം നേടുന്ന വിജയമായിട്ടാണ് പ്രകൃതി ചെയ്ത ആ ചതിയെ അവരാഘോഷിച്ചത്.
രാമഭദ്രനും ലക്ഷ്മണനും കോളേജിൽ പഠിക്കുന്ന കാലത്താണ് ഉദയാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പിറവി. തുടക്കം തൊട്ടേ സമിതിയിൽ സജീവമായിരുന്നു സഹോദരന്മാർ. ക്ഷേത്രത്തിലെയോ ഗ്രന്ഥശാലയിലെയോ പരിപാടികളിൽനിന്നു വ്യത്യസ്തമായി കലാസമിതിയുടെ പരിപാടികൾ നാട്ടുകാർ തന്നെ അവതരിപ്പിക്കുന്നതാവണം എന്നൊരു ധാരണ തുടക്കത്തിലേയുണ്ടായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു ഒരു വിൽപ്പാട്ടാണ് ഒരുക്കിയിരുന്നത്.
സമിതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശശാങ്കൻ നായർ നിർവഹിച്ചു.
തുടർന്ന്, നാടിന്റെ ഭാവിവാഗ്ദാനങ്ങളായ കലാകാരന്മാർ അവതരിപ്പിക്കുന്ന വിൽപ്പാട്ട് തുടങ്ങാൻ പോകുന്നു എന്ന അനൗൺസ്മെന്റുണ്ടായി. ആലിൻചുവടിന്റെ ആസ്ഥാനകവിയായ ആലിൻചുവട് എ.ആർ.രചിച്ച ' ദേവകന്യക" എന്ന കഥയായിരുന്നു നാട്ടിലെ ചെറുപ്പക്കാർ അവതരിപ്പിച്ചത്.രാമഭദ്രനെ സംഘാടകർ ക്ഷണിച്ചിരുന്നുവെങ്കിലും അണിയറശില്പികളെക്കുറിച്ചു വലിയ വിശ്വാസമില്ലാത്തതുകൊണ്ട് അവൻ ഒഴിഞ്ഞു മാറി.
മദ്യത്തിൽ ആണ്ടുമുങ്ങിയ മട്ടിലാണ് കലാകാരന്മാർ തട്ടിന്മേൽ കയറിയത്. മദ്യപിച്ചില്ലെങ്കിൽ കലാകാരനാവില്ലെന്ന് ആത്മാർത്ഥമായി വിശ്വസിച്ചവരായിരുന്നു അവർ, ഇടയ്ക്കിടയ്ക്ക് ചാർജ് ചെയ്യാനായി കുപ്പികളിൽ മിക്സ് ചെയ്ത ദ്രാവകം സ്റ്റേജിലേക്കെടുക്കാനുള്ള ദീർഘവീക്ഷണവും അവർക്കുണ്ടായിരുന്നു. വിൽപ്പാട്ട് തുടങ്ങി കുറച്ചായപ്പോഴേക്ക് കഥ ഒരു വഴിക്കും പാട്ട് മറ്റൊരു വഴിക്കുമായി.വില്ലിലടിച്ചുകൊണ്ടിരുന്ന കലാകാരൻ മൂന്നാമതൊരു വഴിക്കും! അക്കാലത്തെ ഏതോ ഹിറ്റ് സിനിമയിലെ കഥയാണ് 'ദേവകന്യക"" യുടെ സ്ഥാനത്ത് കഥ പറച്ചിൽക്കാരൻ കുഴഞ്ഞ ശബ്ദത്തിൽ അവതരിപ്പിച്ചത്.അതിനോട് നീതി പുലർത്താനെന്നോണം പ്രസിദ്ധമായ സിനിമാഗാനങ്ങൾ ആലപിക്കുകയാണ് പാട്ടുകാരൻ ചെയ്തത്. വില്ലടിക്കാരന് ശരീരമിളകിയപ്പോൾ പിന്നിലേക്ക് തിരിഞ്ഞു ഛർദിക്കേണ്ടതായും വന്നുകൂടി.
സംഗതികൾ പരമാവധി വഷളായപ്പോൾ രാമഭദ്രൻ സ്റ്റേജിന്റെ പിന്നിലേക്ക് ചെന്നു.അവിടെ സംഹാരരുദ്രനായി ആലിൻചുവട് എ.ആർ.നിൽപ്പുണ്ടായിരുന്നു.അയാൾ അലറുകയായിരുന്നു:
''ഒരു സാഹിത്യകാരന്റെ കഥ മാറ്റിക്കളയാൻ ആർക്കും അധികാരമില്ല.ഇവന്മാർക്കെതിരെ ഞാൻ സിവിലായും ക്രിമിനലായും കേസ് കൊടുക്കും..സുപ്രീം കോടതി വരെ പോയാലും ഇവന്മാർക്ക് ഞാൻ നല്ല ശിക്ഷ വാങ്ങിക്കൊടുക്കും. ഇനിയീ നാട്ടിൽ ഒരു കലാകാരനും അപമാനിക്കപ്പെടരുത്.""
ഒന്നാം വാർഷികത്തിന്റെ ബാക്കിപത്രം ഇങ്ങനെയാണ്:ആലിൻചുവട് എ.ആർ.കേസ് നടത്താൻ എവിടെയും പോയില്ല.തന്നെയുമല്ല, 'ദേവകന്യക"യുടെ ദുർവിധിയിൽ മനം നൊന്തുപോയ അദ്ദേഹത്തിൽ നിന്നും പിന്നീട് രചനകളൊന്നും ഉണ്ടായില്ല.ഉദയാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വിൽപ്പാട്ട് ട്രൂപ്പ് പിരിച്ചുവിടപ്പെടുകയും ചെയ്തു.അടുത്ത വർഷം പുരോഗമനസ്വഭാവമുള്ള ഒരു നാടകം തന്നെ വേണമെന്ന് വാശി പിടിച്ചത് ലക്ഷ്മണനായിരുന്നു. ലക്ഷ്മണൻ തന്നെ നാടകമെഴുതിയാൽ മതിയെന്ന് കമ്മിറ്റിയംഗങ്ങളിൽ ഒരുവിഭാഗം അഭിപ്രായപ്പെട്ടു. സാമൂഹികബോധം പുലർത്തുന്ന നാടകം തന്നെയാണ് ലക്ഷ്മണൻ രചിച്ചത് കുടുംബാംഗങ്ങളുടെ അന്ധവിശ്വാസം കാരണം വിവാഹം നിഷേധിക്കപ്പെട്ട ഒരു യുവതി സമൂഹത്തിനെതിരെ നടത്തുന്ന കലാപമാണ് അവന്റെ 'തീനാളങ്ങൾ" എന്ന നാടകത്തിന്റെ പ്രമേയം. ലക്ഷ്മണൻ വലിയ ആവേശത്തിലായിരുന്നു.ചില പരീക്ഷണങ്ങളും അതിനു വേണ്ടി അവൻ നടത്തിയിരുന്നു. സിനിമയിലെപ്പോലെ ടൈറ്റിലുകൾ തിരശീലയിലെഴുതിക്കാണിക്കുകയും പാട്ടുസീൻ മൊത്തം നിഴൽനാടകമായി അവതരിപ്പിക്കുകയുമായിരുന്നു പുതുമകൾ. രണ്ടാം വാർഷികത്തിനു തൊട്ടുമുൻപുതന്നെ സമിതിയിൽ കാറും കോളും രൂപം കൊണ്ടിരുന്നു. ലക്ഷ്മണന്റെ കൂടെയുള്ളവർ ഒരു ചേരിയിലും മുതിർന്ന ആളുകൾ എതിർചേരിയിലുമായിരുന്നു. എതിർചേരിക്കാർ ഒരു നൃത്തപരിപാടിയാണ് ആസൂത്രണം ചെയ്തത്. അതുമാത്രം മതിയെന്നായിരുന്നു അവരുടെ അഭിപ്രായം. ലക്ഷ്മണനും കൂട്ടരും അതിനെ നഖശിഖാന്തം എതിർത്തു.
വാർഷികാഘോഷം തുടങ്ങി. നാട്ടിലെ പെൺകുട്ടികളുടെ അരങ്ങേറ്റവുമൊക്കെ നൃത്തപരിപാടിയിലുണ്ടായിരുന്നതുകൊണ്ട് സാമാന്യം നല്ലൊരു സദസുണ്ടായിരുന്നു. 'തീനാളങ്ങളി" ൽ എന്തൊക്കെയോ പുതുമകളുണ്ടെന്നു കേട്ട് അതുകാണാനായി വന്നെത്തിയ ചെറുപ്പക്കാരും ധാരാളമുണ്ടായിരുന്നു.നൃത്തപരിപാടികൾ തരക്കേടില്ലാതെ നടന്നു. അതവസാനിച്ചപ്പോൾ പന്തിയില്ലാത്ത ഒരനൗൺസ്മെന്റുണ്ടായി. 'ഉദയാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബി"ന്റെ ഒന്നാം വാർഷികാഘോഷങ്ങൾ സമാപിക്കുന്നു എന്നായിരുന്നു അനൗൺസ്മെന്റ്. അനൗൺസ്മെന്റ് നടത്തിയ ജനകന്റെയടുത്തുചെന്ന് ലക്ഷ്മണനും കൂട്ടരും തട്ടിക്കയറി.അണിയറയിൽ അത് നടക്കുമ്പോൾ കുറേ ആളുകൾ മുൻവശത്ത് കെട്ടിയിരുന്ന കർട്ടൻ അഴിച്ചെടുക്കുകയായിരുന്നു. അവിടെയും ആളുകൂടി. ലക്ഷ്മണൻ മൈക്കിന് മുൻപിൽ ചെന്ന് അനൗൺസ് ചെയ്തു.
''സുഹൃത്തുക്കളേ, വാർഷികാഘോഷപരിപാടികൾ അവസാനിച്ചിട്ടില്ല. ആരും പിരിഞ്ഞുപോകരുത്. കർട്ടൻ അവർ അഴിച്ചെടുത്തു.ഞങ്ങൾക്ക് ആ കർട്ടൻ ആവശ്യമില്ല. സ്റ്റേജിനുള്ളിൽ ഞങ്ങൾ കെട്ടിയിട്ടുള്ള വെള്ളക്കർട്ടൻ മാത്രമേ ഞങ്ങൾക്കാവശ്യമുള്ളൂ. സുഹൃത്തുക്കളേ, ഇതാ തുടങ്ങുകയായി, നിങ്ങൾ ആകാംക്ഷാ പൂർവം കാത്തിരുന്ന ' തീനാളങ്ങൾ.""
അനൗണ്സ്മെന്റോടുകൂടി സ്റ്റേജിലെ വെളിച്ചം അണയുകയും വെള്ളത്തിരശീലയിൽ 'ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന"" എന്ന ടൈറ്റിൽ തെളിയുകയും ചെയ്തു. ഡ്രമ്മിന്റെ ഉച്ചത്തിലുള്ള ശബ്ദത്തോടെ 'തീനാളങ്ങൾ" എന്ന ടൈറ്റിൽ തെളിഞ്ഞതും മൈതാനത്തെ ലൈറ്റുകൾ മുഴുവൻ അണഞ്ഞു.മൈക്കിന്റെ ശബ്ദം നിലച്ചു.വൈദ്യുതി പൂർണ്ണമായും ഛേദിക്കപ്പെട്ടു.ആൾക്കൂട്ടത്തിൽ നിന്ന് കൂക്കിവിളിയും ബഹളവുമുയർന്നു. ഇരുട്ടിൽ എന്തും സംഭവിക്കാമെന്നു ഭയന്ന് സ്ത്രീകൾ കൂട്ടമായി ഓടാൻ തുടങ്ങി.
ആ ബഹളത്തിന് മുകളിലൂടെ ലക്ഷ്മണന്റെ കനത്ത ശബ്ദം ഉയർന്നു മുഴങ്ങി: ''ഈ ചെറ്റത്തരത്തിനു പിന്നിലെ കറുത്ത കൈകൾ ആരുടെതെന്ന് ഞങ്ങൾക്കറിയാം. ഈ നാട്ടുകാർക്കറിയാം. നിങ്ങൾ വേണമെങ്കിൽ ഞങ്ങളെ കൊന്നുകൊള്ളൂ. പക്ഷേ, ഞങ്ങളെ തോൽപ്പിക്കാനാവില്ല.കൃത്യം ഒരു മാസത്തിനുള്ളിൽ ഇതേ വേദിയിൽ വച്ച് 'തീനാളങ്ങൾ" അവതരിപ്പിക്കുമെന്ന് ഞങ്ങൾ നിങ്ങൾക്കുറപ്പു തരുന്നു.""
എന്താണ് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി. ബംഗ്ലാവിൽ ശ്രീധരൻ പിള്ള എന്ന നാട്ടുപ്രമാണിയുടെ വീട്ടിൽ നിന്നാണ് ഉത്സവപ്പറമ്പിലേക്കുള്ള വൈദ്യുതി കണക്റ്റ് ചെയ്തിരുന്നത്. ലക്ഷ്മണന്റെ വിരുദ്ധചേരിയിലെ അംഗമായിരുന്നു അയാൾ.അയാളുടെ മകൾ ഡാൻസ് കളിക്കാനുണ്ടായിരുന്നു. നൃത്തപരിപാടി കഴിഞ്ഞപ്പോൾ അവർ ഫ്യൂസൂരുകയായിരുന്നു.പിന്നീട് ഏറെക്കാലം ' കറുത്ത കൈ" എന്ന പേരിലാണ് ശ്രീധരൻ പിള്ള നാട്ടിൽ അറിയപ്പെട്ടത്.
ലക്ഷ്മണൻ വാക്ക് പാലിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആലിൻച്ചുവട്ടിൽ ഒരു നോട്ടീസ് പ്രചരിച്ചു. നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നൊരു പുതിയ കലാസമിതി രൂപം കൊണ്ടിരിക്കുന്നുവെന്നും അതിന്റെ ഉദ്ഘാടനം പ്രശസ്തനായ ഒരു സാഹിത്യകാരൻ നിർവഹിക്കുമെന്നുമായിരുന്നു നോട്ടീസ്. ഒപ്പം മാലോകർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന 'തീനാളങ്ങൾ" എന്ന നവോദയയുടെ പ്രഥമോപഹാരവും മറ്റു കലാപരിപാടികളും അന്നേദിവസം അവതരിപ്പിക്കപ്പെടുന്നതാണെന്നും നോട്ടീസ് പറഞ്ഞു.
ആലിൻചുവട്ടിന്റെ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ആൾക്കൂട്ടമായിരുന്നു നവോദയയുടെ ഉദ്ഘാടനപരിപാടികൾ കാണാൻ എത്തിയിരുന്നത്.വൈക്കം ചന്ദ്രശേഖരൻ നായരായിരുന്നു ഉദ്ഘാടകൻ.പലരെക്കൊണ്ടും ശുപാർശ ചെയ്യിച്ചു ലക്ഷ്മണൻ തന്നെയാണ് അദ്ദേഹത്തെ ഒന്നിലേറെത്തവണ നേരിൽപോയിക്കണ്ട് ഉറപ്പിച്ചത്. നാടകത്തിന്റെ പണികളുണ്ടായിരുന്നതുകൊണ്ട് ഉദ്ഘാടനസമ്മേളനത്തിന് സ്റ്റേജിലിരിക്കാൻ ലക്ഷ്മണന് കഴിഞ്ഞില്ല.സെക്രട്ടറി സ്വാഗതം പറയുമ്പോൾ സ്റ്റേജിനു പിന്നിൽ നിന്ന് അപ്പോൾ മാത്രം വന്ന മ്യൂസിക്ക് പാർട്ടിക്ക് നിർദേശങ്ങൾ നൽകുകയായിരുന്നു ലക്ഷ്മണൻ.സ്വാഗതപ്രസംഗകൻ വൈക്കത്തിന്റെ പേര് പറഞ്ഞപ്പോൾ എന്താണ് പറയുന്നതെന്ന് കേൾക്കാൻ ലക്ഷ്മണൻ ചെവി വട്ടം പിടിച്ചു.
''നല്ല നല്ല കവിതാതല്ലജങ്ങൾ കൊണ്ട് മലയാള കാവ്യദേവതയ്ക്ക് അർച്ചന നടത്തുന്ന ഒരു മഹാകവിയാണ് വൈക്കം ചന്ദ്രശേഖരൻ നായർ""
എന്ന് പറയുന്നതുകേട്ട് അവൻ സ്റ്റേജിലേക്കോടി. അദ്ധ്യക്ഷന്റെ അടുത്തുചെന്ന് വൈക്കത്തെ പ്രസംഗിക്കാൻ വിളിക്കുന്നതിന് മുൻപ് വിശിഷ്ടാതിഥിയെ പരിചയപ്പെടുത്താൻ എന്നെ വിളിക്കണമെന്ന് പറഞ്ഞു.അത് അധ്യക്ഷനിഷ്ടപ്പെട്ടില്ല.
''ഈ അവസാന മിനിട്ടിൽ ഇങ്ങനെ പറഞ്ഞാലെങ്ങനെ? ഇത് നടപ്പുള്ള കാര്യമാണോ?""
ലക്ഷ്മണൻ ക്രുദ്ധനായി അദ്ധ്യക്ഷനെ നോക്കി.
''ഇത് നടക്കില്ലെങ്കിൽ ഇന്നിവിടെ നാടകവും നടക്കില്ല.""
എന്ന് പറഞ്ഞുകൊണ്ട് അവിടെനിന്നു നടന്നു. അദ്ധ്യക്ഷൻ പരിഭ്രമത്തോടെ ലക്ഷ്മണൻ പോകുന്നവഴി നോക്കിനിന്നു. അവൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുമെന്ന് അയാൾക്കറിയാമായിരുന്നു.
അദ്ധ്യക്ഷപ്രസംഗം കഴിഞ്ഞയുടനെ അദ്ദേഹം അടുത്തപരിപാടി ഇങനെ അനൗൺസ് ചെയ്തു:
''നമ്മുടെ കലാസമിതി ഉദ്ഘാടനം ചെയ്യാനെത്തിയ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്താൻ ഈ സംഘടനയുടെ എല്ലാമെല്ലാമായ കളത്തിൽ ലക്ഷ്മണനെ ക്ഷണിക്കുന്നു.""
ലക്ഷ്മണൻ മൈക്കിന് മുന്നിലെത്തി.
''അനുഗൃഹീത നാടകകൃത്തും നോവലിസ്റ്റുമായ വൈക്കം ചന്ദ്രശേഖരൻ നായരെ ഉദ്ഘാടകനായി കിട്ടിയതുകൊണ്ട് നവോദയ എന്ന പുതിയ കലാസമിതിയുടെ ലക്ഷ്യം പകുതി സാധിച്ചിരിക്കുകയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പടവാളാണ് അദ്ദേഹത്തിന്റെ കല.കാളിദാസകലാകേന്ദ്രം അവതരിപ്പിച്ച ' ഡോക്ടർ" എന്ന നാടകത്തിലൂടെ അദ്ദേഹം നാടകരംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ചരിത്രനോവലുകൾ ചരിത്രം രേഖപ്പെടുത്തിയപ്പോൾ വന്നുപോയ പാളിച്ചകൾ തിരുത്താനുള്ള ശ്രമമാണ്. എല്ലാവരും ഭയഭക്തിബഹുമാനങ്ങളോടെ മാത്രം ഓർമ്മിക്കുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് യഥാർത്ഥത്തിൽ ഒരു വില്ലനാണെന്നാണ് അദ്ദേഹം 'പഞ്ചവൻകാട്"എന്ന നോവലിലൂടെ പറയുന്നത്...""
അങ്ങനെ തുടർന്നു ലക്ഷ്മണന്റെ ആമുഖം. അദ്ധ്യക്ഷനോ മറ്റ് കമ്മിറ്റിയംഗങ്ങൾക്കോ ഒന്നും പിടി കിട്ടിയില്ലെങ്കിലും ഭാരവാഹികളോട് പെർത്തുംപേർത്തും നന്ദി പറഞ്ഞുകൊണ്ടാണ് വൈക്കം യോഗം കഴിഞ്ഞ് യാത്ര പറഞ്ഞത്.
തെക്കൻ തിരുവിതാംകൂറിൽ അന്ന് ഏറ്റവും പ്രസിദ്ധി നേടിയിരുന്ന വിൽപ്പാട്ടുകലാകാരനായ തലയൽ കേശവൻ നായരും സംഘവും അവതരിപ്പിച്ച വിൽപ്പാട്ടായിരുന്നു ആദ്യത്തെ പരിപാടി. അതുകഴിഞ്ഞു 'തീനാളങ്ങൾ" അവതരിപ്പിക്കപ്പെട്ടു. എല്ലാം വിജയകരമായി. എങ്കിലും പരിപാടി കഴിഞ്ഞയുടനെ നടന്ന സംഭവം കളത്തിൽ ലക്ഷ്മണൻ നവോദയയിൽ നിന്ന് രാജി വച്ചു എന്നതാണ്.
(തുടരും)