കൊല്ലത്തിന്റെ രാഷ്ട്രീയ സമര ഭൂമികയിൽ തങ്കലിപികളിൽ കൊത്തിവയ്ക്കേണ്ട ചരിത്രമുള്ള ആർ.എസ്.പിയുടെ അവസ്ഥ കണ്ട് പരിതപിക്കുകയാണ് പാർട്ടി സ്നേഹികൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ച അഞ്ച് സീറ്റുകളിലും തോൽവി ഏറ്റുവാങ്ങിയ പാർട്ടി ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതാകുന്നത്. 2014 ൽ കൊല്ലം പാർലമെന്റ് സീറ്റിന്റെ പേരിൽ ഇടതുബാന്ധവം ഇട്ടെറിഞ്ഞ് യു.ഡി.എഫിനൊപ്പം ചേരുമ്പോൾ ഇത്രയേറെ ദയനീയമാകും ഭാവിയെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. 1954ൽ രൂപീകരിച്ച പാർട്ടിയിൽ 1980 ൽ ആരംഭിച്ച പിളർപ്പിന്റെ പരമ്പര പാർട്ടിയുടെ അസ്തിത്വം ഇല്ലാതാക്കുമോ എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ.
തുടർച്ചയായി ചവറയിൽ രണ്ടാം തവണയും മത്സരിച്ച് തോറ്റ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ പാർട്ടിയിൽ നിന്ന് 6 മാസത്തേക്ക് അവധിയെടുക്കാൻ തീരുമാനിച്ചതാണിപ്പോൾ ചർച്ചാ വിഷയമായത്. ഷിബുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കമെന്ന അഭ്യൂഹം ശക്തമാക്കി. ആർ.എസ്.പി (ലെനിനിസ്റ്റ് ) നേതാവും കുന്നത്തൂർ എം.എൽ.എയുമായ കോവൂർ കുഞ്ഞുമോൻ ഷിബുവിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചെങ്കിലും ഇടതുമുന്നണിയിൽ ഘടകകക്ഷി പോലും ആക്കാതെ വരാന്തയിൽ നിൽക്കുന്ന കുഞ്ഞുമോൻ ആദ്യം ഒന്നകത്തു കയറൂ എന്നിട്ടാകാം മറ്റുള്ളവരെ ക്ഷണിക്കുന്നതെന്നായിരുന്നു ഷിബു ബേബിജോൺ അതിന് നൽകിയ മറുപടി.
ആർ.എസ്.പി എന്തിന് എൽ.ഡി.എഫ് വിട്ടു ?
ആർ.എസ്.പി എന്തിനായിരുന്നു ഇടതുമുന്നണി വിട്ടതെന്ന ചോദ്യമാണിപ്പോൾ പാർട്ടി അണികൾ നേതൃത്വത്തോട് ഉന്നയിക്കുന്നത്. ഇടതുമുന്നണിയിൽ തന്നെ നിന്നിരുന്നെങ്കിൽ ഇപ്പോൾ എം.എൽ.എ മാരും മന്ത്രിയും ഉണ്ടാകുമായിരുന്നുവെന്നും അണികൾ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഒരു വിഭാഗം മുന്നണിമാറ്റം വേണമെന്ന ആവശ്യം ഉയർത്തി. ഇനിയും യു.ഡി.എഫിൽ തുടരുന്നത് നഷ്ടക്കച്ചവടമാകുമെന്ന വികാരമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. എന്നാൽ യു.ഡി.എഫിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ മുന്നണി വിട്ടു പോകുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഉയർന്നു. ഭൂരിപക്ഷ വികാരം മാനിച്ച് ആഗസ്റ്റ് 9 ന് 500 പേർ പങ്കെടുക്കുന്ന നേതൃയോഗം കൊല്ലത്ത് വിളിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ഏ.ഏ അസീസ്, എൻ.കെ പ്രേമചന്ദ്രൻ എം.പി എന്നിവരെ കൂടാതെ പാർട്ടിയിൽ നിന്ന് അവധിയെടുക്കുമെന്ന് പറഞ്ഞ ഷിബുബേബിജോണും യോഗത്തിൽ സംബന്ധിച്ചു.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ എൻ.കെ പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന പാർട്ടി ആവശ്യം സി.പി.എം നിരാകരിച്ചതാണ് തിടുക്കത്തിലുള്ള മുന്നണിമാറ്റത്തിന് ആർ.എസ്.പി യെ പ്രേരിപ്പിച്ചത്. കൊല്ലം സീറ്റിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സ്ഥാനാർത്ഥിയായി പാർട്ടി ഏകപക്ഷീയമായി പ്രഖ്യാപിച്ചതും ആർ.എസ്.പിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചു. പിന്നീട് എല്ലാം കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. 1980 മുതൽ ഇടതു മുന്നണിയുടെ ഭാഗമായിരുന്ന ആർ.എസ്.പി ആ പാളയത്തിൽ നിന്ന് യു.ഡി.എഫിലെത്തി. തുടർന്ന് കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയെ തറപറ്റിച്ച് പ്രേമചന്ദ്രൻ ലോക് സഭയിലേക്ക് പോയെങ്കിലും അന്നുമുതൽ പ്രേമചന്ദ്രൻ സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറി. അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തതാണ്. പ്രേമചന്ദ്രൻ സി.പി.എമ്മിന്റെ പ്രഖ്യാപിത ശത്രുവായി തുടരുന്നു. 2014 ന് ശേഷം 2019 ലും പ്രേമചന്ദ്രൻ കൊല്ലത്തുനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മറ്റൊരു തിരഞ്ഞെടുപ്പിലും ആർ.എസ്.പി ക്ക് നേട്ടം ഉണ്ടാക്കാനായില്ല.
സി.പി.എമ്മിനെക്കാൾ ശക്തമായിരുന്ന പാർട്ടി
കൊല്ലത്തെ കശുഅണ്ടി അടക്കമുള്ള പരമ്പരാഗത വ്യവസായ മേഖലകളിലെല്ലാം ശക്തമായ പോർമുഖം തുറന്ന് കേരളത്തിലെ പ്രമുഖ തൊഴിലാളി വിപ്ളവ പ്രസ്ഥാനമായി വളർന്ന ആർ.എസ്.പി ഒരുകാലത്ത് സി.പി.എമ്മിനെയും സി.പി.ഐയെക്കാളും സ്വാധീനവും ശക്തിയുമുള്ള തൊഴിലാളി പ്രസ്ഥാനമായിരുന്നു. ടി.കെ ദിവാകരനെയും എൻ.ശ്രീകണ്ഠൻ നായരെയും ആർ.എസ് ഉണ്ണിയെയും പോലെ തലയെടുപ്പുള്ള നേതാക്കളായിരുന്നു ആ പാർട്ടിയുടെ ശക്തി. ബേബിജോണിന്റെ കാലത്ത് ചവറ മുതൽ നീണ്ടകര വരെയുള്ള പാർട്ടിയെന്ന് പരിഹസിച്ചിരുന്നുവെങ്കിലും തന്റെ വ്യക്തിപ്രഭാവം കൊണ്ട് അതിനെ നേരിട്ടയാളായിരുന്നു ബേബിജോൺ. എൻ. ശ്രീകണ്ഠൻ നായർ 1980 ൽ കൊല്ലം പാർലമെന്റ് സീറ്റിൽ കോൺഗ്രസിലെ ബി.കെ നായരോട് പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളോടെയാണ് പാർട്ടിയിൽ പിളർപ്പിന്റെ കാലം തുടങ്ങുന്നത്. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച വിമത ആർ.എസ്.പി അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇല്ലാതായി. എന്നാൽ ആ പാർട്ടിയിലെ തീപ്പൊരി നേതാവായിരുന്ന കടവൂർ ശിവദാസൻ കോൺഗ്രസിലെത്തി കെ.കരുണാകരന്റെ വിശ്വസ്ഥനായി മാറി. 1999 ലായിരുന്നു അടുത്ത പിളർപ്പ്. ഷിബുബേബിജോൺ ആർ.എസ്.പി ബോൾഷെവിക് രൂപീകരിച്ച് യു.ഡി.എഫിന്റെ ഭാഗമായി മാറി. ടി.കെ ദിവാകരന്റെ മകനും മുൻ മന്ത്രിയുമായ ബാബുദിവാകരന്റെ നേതൃത്വത്തിൽ 2005 ൽ ഒരുവിഭാഗം ആർ.എസ്.പി - എം രൂപീകരിച്ചു. 2008 ൽ വീണ്ടും പിളർന്ന് ഷിബുബേബിജോണിന്റെ നേതൃത്വത്തിൽ ആർ.എസ്.പി (ബേബിജോൺ) എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. 2014 ൽ ഔദ്യോഗിക ആർ.എസ്.പി കൊല്ലം പാർലമെന്റ് സീറ്റിന്റെ പേരിൽ ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തിയതോടെ ഷിബുബേബിജോണിന്റെ പാർട്ടി ഔദ്യോഗിക ആർ.എസ്.പിയിൽ ലയിച്ചു. ഇക്കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ ബാബുദിവാകരനും പാർട്ടി സ്ഥാനാർത്ഥിയായി ഇരവിപുരത്ത് മത്സരിച്ചെങ്കിലും ജയിച്ചില്ല. ആർ.എസ്.പി ലെനിനിസ്റ്റ് എന്ന ഒരു കഷ്ണവുമായി കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിലുമുണ്ട് ഒരു ആർ.എസ്.പി.
ആർ.എസ്.പി ത്രിശങ്കുവിൽ
ആർ.എസ്.പി ഇപ്പോൾ ശരിയ്ക്കും ത്രിശങ്കുവിലാണ്. ഇല്ലത്ത് നിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയുമില്ല എന്ന അവസ്ഥയിലാണ്. യു.ഡി.എഫിൽ തുടരുന്നത് പാർട്ടിക്ക് ഇനി ഒരുതരത്തിലും ഗുണകരമാകില്ലെന്ന് പാർട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്. എന്നാൽ 12 ഓളം ഘടകകക്ഷികളുള്ള എൽ.ഡി.എഫിലേക്ക് ഇനി മടങ്ങിയെത്തിയാൽ മാന്യമായ പരിഗണന ലഭിക്കുമെന്ന് പറയാനാകില്ല. എൻ.കെ പ്രേമചന്ദ്രനെ ഉൾക്കൊള്ളാൻ സി.പി.എം നേതൃത്വത്തിന് തീരെ താത്പര്യവുമില്ല. പ്രേമചന്ദ്രന്റെ വ്യക്തി താത്പര്യം സംരക്ഷിക്കാൻ മാത്രമാണ് 2014 ൽ ആർ.എസ്.പി ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നവർ ആർ.എസ്.പിയിൽ തന്നെയുണ്ട്. ചവറയിൽ തുടർച്ചയായി രണ്ട് തവണ തോറ്റ ഷിബു ബേബിജോണിന് ഇനി അവിടെ ജയിക്കാമെന്ന പ്രതീക്ഷയില്ല. രാഷ്ട്രീയമായല്ല, മറ്റുചില ഘടകങ്ങളാണ് ചവറയിൽ ഇക്കുറി വിധി നിർണ്ണയിച്ചതെന്ന ഷിബുവിന്റെ വിലയിരുത്തൽ ഈ സാഹചര്യത്തിലാണ്. നായർ വോട്ടുകൾ ഏകീകരിച്ചതാണ് അവിടെ പരാജയകാരണമെന്നു തിരിച്ചറിഞ്ഞ ഷിബു, തനിയ്ക്ക് ആർ.എസ്.പി, കോൺഗ്രസ് വോട്ടുകളും കിട്ടാതിരുന്നതിന്റെ കാരണം പറഞ്ഞതും അതുദ്ദേശിച്ചു തന്നെയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തിൽ മാത്രം യു.ഡി.എഫ് വ്യക്തമായ ലീഡ് നേടിയിരുന്നതിനാൽ വർദ്ധിച്ച ആത്മവിശ്വാസത്തിലായിരുന്നു ഷിബു.
ലക്ഷ്യം പാർട്ടി സെക്രട്ടറി സ്ഥാനം ?
ആർ.എസ്.പി വിട്ട് താൻ എങ്ങും പോകില്ലെന്ന് പറഞ്ഞ ഷിബുബേബിജോണിന്റെ നിലപാട് തത്ക്കാലം നേതൃത്വത്തിന് ആശ്വാസമായയെങ്കിലും വരും നാളുകളിൽ നിലപാടിന് മാറ്റം വരാമെന്ന് ഏവരും കരുതുന്നു. പാർട്ടിയിൽ നിന്ന് ലീവിന് അപേക്ഷിച്ചത് പാർട്ടി നേതൃത്വം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന വികാരം ആർ.എസ്.പിയിലുണ്ട്. ആ സ്ഥാനത്തേക്ക് വരാനാണ് ഷിബുബേബിജോൺ ലക്ഷ്യമിടുന്നത്. ആർ.എസ്.പി ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ. ഫിലിപ് കെ.തോമസ് അന്തരിച്ചപ്പോൾ തന്റെ വിശ്വസ്തനായ ആർ.ശ്രീധരൻപിള്ളയെ ജില്ലാ സെക്രട്ടറിയാക്കാൻ ഷിബു ശ്രമിച്ചെങ്കിലും വേണുഗോപാലൻ നായരെയാണ് പാർട്ടി നേതൃത്വം പരിഗണിച്ചത്. ആർ.എസ്.പിയുടെ വരും ദിനങ്ങൾ എന്തായാലും സംഭവബഹുലമാകും.