നല്ല വെയിലുണ്ട്. ചുറ്റുമെങ്ങും തണൽ കാണാനുമില്ല. എത്ര നേരമായി കാത്തിരിക്കുന്നു. ഇനി എത്ര നേരം കാത്തിരിക്കണമെന്നുമറിയില്ല. ഇന്നലെ ആക്രിപെറുക്കിയത് വിൽക്കാൻ പൊലീസുകാർ കാണാതെ ഒളിച്ചും പാത്തും പോയപ്പോഴാണ് തുറന്നിരുന്ന ഒരു റേഷൻ കടയിലെ ടി. വിയിൽ ആ വാർത്ത കണ്ടത്. ഏതു സ്ഥലമെന്നൊന്നും ആദ്യം മനസിലായില്ല. ആക്രി പെറുക്കാൻ പോയ സ്ഥലങ്ങളൊന്നുമല്ല. അതൊക്കെ നല്ല ഓർമ്മയുണ്ട്. എവിടെയോ കണ്ടു മറന്ന സ്ഥലമെന്നു തോന്നി. കുറെ നേരം ആലോചിച്ചിട്ട് കിട്ടാതെ വന്നപ്പോൾ അത് മനസ്സിൽ നിന്നും കളഞ്ഞതാണ്. എന്നിട്ടും പോയില്ല. വിഭവസമൃദ്ധമായ ആഹാരത്തിന്റെ കാഴ്ച മനസിൽ നിന്നും മാറിയില്ല. ഇന്ന് പുലർച്ചെ ഒരു സ്വപ്നം പോലെയാണ് അതിന് ഉത്തരം കിട്ടിയത്. പിന്നെ ഒട്ടും മടിച്ചില്ല. എന്നും ഇങ്ങനെ അരപ്പട്ടിണിയും മുഴുപ്പട്ടിണിയും കിടന്നു മടുത്തു. പല തവണ ഇതൊക്കെ നിർത്തി മോഷണം തുടങ്ങിയാലോ എന്ന് കരുതിയതാണ്. ചിലപ്പോൾ വല്ല കുരുക്കിലും പെട്ടാൽ ജീവിതത്തിൽ പിന്നെ ഈ പട്ടിണി മാറാതിരുന്നേക്കാം. പേടിയായിപ്പോയി. ഇതിപ്പോൾ അങ്ങനെയുള്ള അപകടമൊന്നുമില്ല എന്ന് തോന്നുന്നു. ഇവിടെ ആൾക്കാർ എല്ലാം നല്ല സ്നേഹത്തിലാണ് പെരുമാറുന്നതും. രാവിലെ ഒന്നും കഴിച്ചില്ല. വയറൊട്ടിക്കിടക്കുന്നു. വെള്ളം കുടിക്കാൻ പോയാൽ ആ സമയത്ത് പേര് വിളിച്ചാലോ? വിശപ്പ് സഹിക്കാമെന്ന് തീരുമാനിച്ചു. എത്ര ദിവസം തുടർച്ചയായി പട്ടിണി കിടന്നിരിക്കുന്നു. ഇതിപ്പോൾ ഭാഗ്യദിനങ്ങളുടെ അടുത്തെത്തിയല്ലോ.
ഇങ്ങനെ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിക്കുമെന്ന് മാരിയമ്മ കൈനോക്കി പറഞ്ഞിരുന്നു. അത് ഇത്ര പെട്ടെന്നാകുമെന്നു കരുതിയില്ല. പള്ളിയിലെ പെരുന്നാളിന് അന്നദാനത്തിനു കഴിഞ്ഞവർഷം പോയപ്പോൾ കേട്ടു നല്ല പോലെ അദ്ധ്വാനിച്ചാൽ ആരുടെയും കാര്യങ്ങൾ മാറുമെന്ന്. എത്ര നേരം ആക്രി പെറുക്കി നടന്നിട്ടും വലിയ ഗുണമൊന്നും ഇത്രയും കാലം ഉണ്ടായില്ല.
എന്നാലും രാവിലെ മുതൽ രാത്രി വരെയുള്ള ജോലി നിർത്താൻ തോന്നിയില്ല. എത്രകാലമെടുത്താലും മൂന്നു നേരം വയറു നിറച്ച് വല്ലതും കഴിച്ച് ഒരു ദിവസമെങ്കിലും ജീവിക്കണം. അത്രയൊക്കെ ഉള്ളൂ ആഗ്രഹം. പിന്നെ ചത്തു പൊയ്ക്കോട്ടേ. വേറെ ഒന്നും കൊണ്ടല്ല, അങ്ങനെയൊരു മരണആഗ്രഹം. ആഹാരത്തിൽ അത്ര കൊതിയുണ്ടായിട്ടുമല്ല.
അത്രമാത്രം പട്ടിണികിടന്നിട്ടുണ്ട്. അതുകൊണ്ട് മാത്രം. വിശന്നു പൊരിഞ്ഞിട്ടുണ്ട്. വയറു കത്തിയിട്ടു പച്ചവെള്ളം കുടിച്ചതു പോലും പുളിവെള്ളമായി ഛർദ്ദിച്ചിട്ടുണ്ട്.
ഇതിപ്പോൾ ഒന്നോ രണ്ടോ ദിവസമൊന്നുമല്ല, ഒരു മാസമെങ്കിലും മൂന്നനേരം ആഹാരം കിട്ടുമെന്നാണ് പറയുന്നത്.
''രാശിയപ്പൻ, 13 വയസ്.""
നിറഞ്ഞ സി ചിരിയോടെ ഒരു ചേച്ചി വിളിക്കുന്നു
രാശിയപ്പൻ പ്രതീക്ഷയോടെ ഓടിച്ചെന്നു. അവർ അവന്റെ കയ്യിൽ ബില്ല് പോലെ എന്തോ ഒന്ന് കൊടുത്തു.
ഇനി എങ്ങോട്ടു പോകണം എന്നറിയില്ല. അവൻ വാതിലിനു അടുത്തേയ്ക്ക് തന്നെ നീങ്ങി. വാതിലിൽ വേറൊരു സ്ത്രീ അവനെ തടഞ്ഞു. എല്ലാവരുടെയും വേഷം ഒരുപോലെ. അവന്റെ കൈയിലെ പേപ്പർ അവർ വാങ്ങി നോക്കി.
''നീയെങ്ങോട്ടു പോകുവാടാ കൊച്ചനെ? മോനേ നിനക്ക് ഒരു പ്രശ്നവുമില്ല. നീ വേഗം വീട്ടി പോ.""
അവനെ തള്ളി മാറ്റി അവർ അടുത്ത ആളിന്റെ പേപ്പർ വാങ്ങി നോക്കുന്നു.
അവൻ തന്റെ കൈയിലെ പേപ്പർ വീണ്ടും നോക്കി. ചാറ്റൽ മഴ വീണാൽ എന്ന പോലെ അത് കുതിർന്നു കൊണ്ടിരുന്നു.