vaccination

ഭോപാൽ: രാജ്യം ഇന്നുവരെ കാണാത്ത തരത്തിൽ കൊവിഡ് എന്ന മഹാമാരിയുടെ പിടിയിലാണ്. നമ്മുടെ രാജ്യത്തെ ഡോക്‌ടർമാരും നഴ്‌സുമാരും മ‌റ്റ് ആരോഗ്യ പ്രവർത്തകരും വിശ്രമമില്ലാതെ ഈ രോഗത്തോട് പൊരുതുകയാണ്. എന്നാൽ രോഗത്തോട് മാത്രമല്ല ഇക്കാലത്ത് ആരോഗ്യപ്രവർത്തകർക്ക് പൊരുതേണ്ടി വരുന്നത്. അത് രോഗപ്രതിരോധത്തിനുള‌ള വാക്‌സിനേഷനെതിരെയുള‌ള കള‌ള പ്രചാരണങ്ങളോട് കൂടിയാണ്.

ഗ്രാമീണ ഇന്ത്യയിൽ പലയിടത്തും രോഗപ്രതിരോധത്തിനുള‌ള വാക്‌സിൻ കുത്തിവയ്‌പ്പിനെ കുറിച്ച് അകാരണമായ ഭയവും വിശ്വാസമില്ലായ്‌മയും ഇപ്പോഴും നിലനിൽക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഡിസംബ‌ർ മാസത്തോടെ വാക്‌സിനേഷൻ നടപ്പാക്കും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പക്ഷെ ഗ്രാമങ്ങളിൽ ഇപ്പോഴും ജനങ്ങൾ വാക്‌സിനേഷന് എതിരാണ്. വാക്‌സിനെടുത്താൽ ഉണ്ടാകുന്ന പാർശ്വഫലങ്ങളും വാക്‌സിനെടുത്ത ചിലർ മരണമടഞ്ഞതുമൊക്കെ ചേർത്താണ് വാക്‌സിൻ ക്യാമ്പെയിനെതിരെ കഥകൾ പ്രചരിക്കുന്നത്.

രാജസ്ഥാനിലെ ജോഥ്‌പൂരിലെ ഒരു ഗ്രാമത്തിൽ ജനങ്ങൾ വാക്‌സിനെടുക്കാൻ തയ്യാറല്ല. കാരണം ഒരു മന്ത്രവാദിനിയുടെ മരണമാണ്. ഗ്രാമത്തിലെ ജനങ്ങൾക്ക് ആശ്വാസമേകിയിരുന്ന മന്ത്രവാദിനിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ദേവി മാ‌റ്റും എന്ന വിശ്വാസത്തിൽ ഡോക്‌ടറെ കാണാൻ അവ‌ർ തയ്യാറായില്ല. തുടർന്ന് രോഗം മൂ‌ർച്ഛിച്ച് മതിയായ സമയത്ത് ചികിത്സ കിട്ടാതെ അവർ മരിച്ചു. മാന്ത്രിക ശക്തിയുള‌ള മന്ത്രവാദിനി മരിച്ചതായി ഗ്രാമവാസികൾക്ക് വിശ്വസിക്കാനായില്ല. ഈ പ്രദേശത്ത് എൺപതോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നിട്ടും ജനം വിശ്വാസത്തിന്റെ പുറത്ത്

വാക്‌സിനെടുക്കാൻ തയ്യാറായില്ല.

രോഗമൊന്നുമില്ലാത്ത താൻ എന്തിന് വാക്‌സിനെടുക്കണമെന്നാണ് മ‌റ്ര് ചിലരുടെ ചോദ്യം. രോഗത്തെ ഭയന്ന് വാക്‌സിനെടുത്ത ചിലർ മരിച്ചതായി ഇവർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇത്തരക്കാരെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയാതെ കുഴയുകയാണ് ആരോഗ്യ പ്രവർത്തകർ.

ഉത്തർപ്രദേശിലും ഗ്രാമങ്ങളിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ തിരക്ക് കുറവാണ്. വാക്‌സിൻ സ്വീകരിച്ചവർ മരണമടയുന്നു എന്ന വ്യാജമായ വിശ്വാസത്തിന്റെ പുറത്താണ് ഇവിടങ്ങളിൽ ഗ്രാമീണർ എത്താത്തതെന്ന് സ്ഥലത്തെ മെഡിക്കൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരം അന്ധവിശ്വാസങ്ങളും പട്ടിണിയും വിദ്യാഭ്യാസമില്ലാത്തതും ഗ്രാമീണ ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന് വലിയ തടസം തന്നെയാണ്,