kodakara

​​​​തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവർ തൃശൂർ ബി ജെ പി ഓഫീസിലെത്തിയെന്ന് പൊലീസ് കണ്ടെത്തൽ. തിരഞ്ഞെടുപ്പിന് ശേഷമാണ് ഇവർ ഓഫീസിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇവരെ ബി ജെ പി നേതാക്കൾ വിളിച്ചു വരുത്തിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വ്യക്തത വരുത്താനായി ബി ജെ പി ഓഫീസിലെ സി സി ടി വി ക്യാമറയും പൊലീസ് പരിശോധിക്കും.

ബി ജെ പിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ഈ നേതാവിന് കവർച്ചയിൽ എന്തെങ്കിലും റോളുണ്ടോ എന്നതിലേക്കാണ് ഇനി അന്വേഷണം നീങ്ങുന്നത്. ഉന്നത നേതാവിനെ ചോദ്യം ചെയ്യും മുമ്പ് പൊലീസ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടുമെന്നാണ് സൂചന.

അതിനിടെ, നഷ്‌ടമായ പണം കണ്ടെത്താൻ ബി ജെ പി നേതാക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൊടകര കേസിൽ പൊലീസിന് പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ അതേസമയത്താണ് ബി ജെ പി നേതൃത്വം സ്വന്തം നിലയിൽ നഷ്‌ടമായ പണം കണ്ടെത്താനായി അന്വേഷണം നടത്തിയതെന്നാണ് സൂചന.

സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായി ചില ബിജെപി നേതാക്കൾ കണ്ണൂരിൽ പോവുകയും പ്രതികളിൽ ഒരാളെ കാണുകയും ചെയ്‌തിട്ടുണ്ട്. കുന്നംകുളത്തെ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ് കുമാർ ഈ ദിവസങ്ങളിൽ തൃശൂർ നഗരത്തിലുണ്ടായിരുന്നില്ല. എന്നാൽ ധർമ്മരാജനടക്കമുള്ളവർ പണവുമായി എത്തിയ ഏപ്രിൽ രണ്ടിന് അനീഷ് കുമാർ തൃശൂർ നഗരത്തിലുണ്ടായിരുന്നു.

ധർമ്മരാജനും സംഘവും അനീഷ് കുമാറും ഒരേ ടവർ ലൊക്കേഷനിൽ മൂന്നര മണിക്കൂറോളം ഉണ്ടായിരുന്നു. അനീഷ് കുമാറും ബി ജെ പിയുടെ ജില്ലാ നേതാക്കളും നേരം പുലരുംവരെ നഗത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അനീഷ് കുമാറിനെ വിളിച്ചു വരുത്തിയ പൊലീസ് സംഘം അദ്ദേഹത്തിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയുകയാണ്.