പൊലീസ് ത്രില്ലറെന്നോ ഇൻവെസ്റ്റിഗേഷനെന്നോ ചിന്തിച്ച് എടുത്ത സിനിമയല്ല 'ഒാപ്പറേഷൻ ജാവ" . എനിക്ക് പരിചിതമായ അവസ്ഥകളെയാണ് കാട്ടുന്നത്. ഞാൻ ബി.ടെക് കംപ്യൂട്ടർ സയൻസ് കഴിഞ്ഞയാളാണ്. അദ്ധ്യാപകനുമാണ്. ബി ടെക്കുകാരന്റെ , 20 നും 25 നും ഇടയിലുള്ള തലമുറ കടന്നുപോകുന്ന സാഹചര്യങ്ങൾ ഒക്കെയാണ് സിനിമ കാണിക്കുന്നത്. അത് ആളുകൾക്ക് താത്പര്യം തോന്നുന്ന തരത്തിൽ അവതരിപ്പിക്കാനാണ് സൈബർ കേസുകളിലൂടെ ശ്രമിച്ചത്. പൊലീസ് ഇൻവെസ്റ്റിഗേഷൻ എന്നത് പുറംചട്ട മാത്രമായിരുന്നു. ഇതിലെ ഓരോ കേസിലും തൊഴിലില്ലായ്‌മയാണ് ശരിക്കും തുറന്നു കാട്ടുന്നത്. ഞാൻ പറയാനുദ്ദേശിച്ച രാഷ്ട്രീയവും അതാണ്. 2017 മുതൽ ഈ കഥ മനസിലുണ്ട്. ഒരുപാട് അദ്ധ്വാനിച്ചിട്ടുണ്ട്. സൈബർ സെല്ലിൽ പോയി, ഒരുപാട് ഉദ്യോഗസ്ഥരെ പരിചയപ്പെട്ടു, അവരിൽ നിന്നൊക്കെ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. പൊലീസ് കഥ പറയുമ്പോൾ അത്രയും കൃത്യതയോടെ വേണം അവതരിപ്പിക്കാനെന്ന് നിർബന്ധമുണ്ടായിരുന്നു.
ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോൾ ഒപ്പം നിന്ന പ്രൊഡ്യൂസറെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. കഥ സംസാരിക്കുന്നത് വിജയിക്കാത്ത ആൾക്കാരെ കുറിച്ചാണ്. സെലിബ്രേറ്റഡ് ഹീറോസ് വന്നു നിൽക്കുമ്പോൾ അതൊരു പക്ഷേ ഇത്ര നന്നായി പറഞ്ഞു ഫലിപ്പിക്കാൻ പറ്റണമെന്നില്ല. എല്ലാവരും ഒന്നിനൊന്ന് മികച്ച് നിന്നു.
ഞാനൊരു കഥകളി പെർമോഫറാണ്, ഇപ്പോഴും ചെയ്യാറുണ്ട്. നാടകവും കൂടെയുണ്ട്. സ്‌കൂൾ നാടകങ്ങൾ എഴുതിക്കൊടുക്കാറുമുണ്ട്. തീയേറ്റർ രംഗത്ത് വലിയ നടൻ, ചെറിയ നടൻ എന്നൊന്നും ഇല്ല. എല്ലാർക്കും തുല്യപ്രാധാന്യമാണ്. എല്ലാവരും കൂടിച്ചേരുന്നതാണ് കല. ഒരുകാലത്ത് അഭിനയമോഹവുമായി നടന്നയാളാണ്. അത് നടക്കില്ലെന്ന് വന്നപ്പോഴാണ് സംവിധാനം മനസിലേക്ക് കയറുന്നത്. ഇന്നിപ്പോൾ ഞാൻ ആരാധിച്ചവരൊക്കെ എന്റെ സിനിമയെ അഭിനന്ദിക്കുന്നതു കാണുമ്പോൾ നല്ല സന്തോഷമുണ്ട്.
ലീഡ്
'ഓപ്പറേഷൻ ജാവ" എന്ന സിനിമയിലൂടെ കയ്യടി നേടിയ സംവിധായകനായ തരുൺ മൂർത്തി തന്റെ ആദ്യ ചിത്രത്തിലേക്കുള്ള വഴികൾ പറയുന്നു