osaka

പാരിസ്: മാനസികസമ്മർദ്ദത്തെ തുടർന്ന് ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിൽ നിന്നും പിൻമാറിയ ജാപ്പനീസ്‌ വനിതാതാരം നവോമി ഒസാക്കയെ പിന്തുണയുമായി പുരുഷ ഒന്നാംനമ്പർ താരമായ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ച്. ടൂർണമെന്റിൽ നിന്നും പിന്മാറാനുള്ള ഒസാക്കയുടെ തീരുമാനം ധീരമായ ഒന്നായിരുന്നുവെന്നും താൻ അതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ജോക്കോവിച്ച് അഭിപ്രായപ്പെട്ടു.

കളിക്കളത്തലേക്ക് മടങ്ങിവരാൻ ഒസാക്കയ്ക്ക് സമയം വേണ്ടിവരുമെന്നും താരത്തിനുവേണ്ട പിന്തുണ നൽകുകയാണ് ഇപ്പോൾ വേണ്ടതെന്നും അധികം താമസിക്കാതെ തന്നെ താരം കളിക്കളക്കലേക്കു മടങ്ങി എത്തുമെന്നു തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ജോക്കോവിച്ച് അഭിപ്രായപ്പെട്ടു.എന്നാൽ ഒസാക്കയ്ക്ക് പിഴശിക്ഷ നൽകിയ ഫ്രഞ്ച്ഓപ്പൺ അധികൃതരുടെ നടപടി തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ലെന്ന് ജോക്കോവിച്ച് പറഞ്ഞു.

ഒരു മത്സരാർത്ഥി എന്നനിലയിൽ ടൂണമെന്റിലെ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, ഇല്ലെങ്കിൽ ശിക്ഷവിധിക്കാൻ അധികൃതർക്ക് അവകാശമുണ്ടെന്നും ജോക്കോവിച്ച് പറഞ്ഞു.

മത്സരശേഷമുള‌ള പത്രസമ്മേളനം ഒഴിവാക്കിയ ഒസാക്കയ്ക്ക് ഫ്രഞ്ച്ഓപ്പൺ അധികൃതർ പിഴശിക്ഷ നൽകിയിരുന്നു. ഇതിനെതുടർന്നാണ് ഒസാക്ക ഫ്രഞ്ച്ഓപ്പണിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്. പത്രസമ്മേളനങ്ങളിലെ സമ്മർദ്ദം അതിജീവിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്റെകളിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഒസാക്ക പിന്നീട് പ്രതികരിച്ചു.