ന്യൂഡൽഹി : ആരാധനാലയത്തിനുള്ളിൽ വച്ച് പന്ത്രണ്ട് കാരി പീഡനത്തിനിരയായതായി പരാതി. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്ലീം പള്ളിയിൽ വച്ചാണ് പെൺകുട്ടിയെ 48കാരനായ മതപണ്ഡിതൻ പീഡിപ്പിച്ചത്. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിയായ ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ലോനി ജില്ലയിൽ നിന്നും തിങ്കളാഴ്ച രാവിലെയാണ് ഇയാൾ പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരമാണ് 12 വയസുകാരിയായ പെൺകുട്ടി വെള്ളം എടുക്കുന്നതിനായി പള്ളിയിൽ പോയത്. വീട്ടിൽ തിരികെ എത്തിയ കുട്ടി മാതാപിതാക്കളോടാണ് സംഭവം ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഗാസിയാബാദിലെ ലോനിയിൽ താമസിക്കുന്ന പ്രതി നാല് കുട്ടികളുടെ പിതാവാണെന്ന് പൊലീസ് പറയുന്നു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് . സിറ്റി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സംഭവമറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ പള്ളിയുടെ പുറത്ത് തടിച്ച്കൂടി. കൂടുതൽ പൊലീസിനെ സംഭവസ്ഥലത്ത് വിന്യസിച്ചു.