vaccine-

മുംബയ് : തങ്ങളുടെ പ്രായപൂർത്തിയാകാത്ത മകളെ അമേരിക്കയിൽ അയച്ച് വാക്സിനെടുപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ കോടതിയിൽ. ബോംബെ ഹൈക്കോടതിയിലാണ് ഈ ആവശ്യവുമായി ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ജന്മം കൊണ്ട് അമേരിക്കൻ പൗരത്വമുള്ള സൗമ്യ താക്കറെയെന്ന പെൺകുട്ടിയുടെ പഠനവും അവിടെയാണ്. ജൂലായ് ഒന്നുമുതൽ സ്‌കൂളുകൾ തുറക്കുമെന്നിരിക്കെ രണ്ട് ഡോസ് വാക്സിൻ കുട്ടിയ്ക്ക് എടുക്കേണ്ടതുണ്ടെന്നും മാതാപിതാക്കൾ ബോധിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയ്‌ക്കൊപ്പം ഒരു ബന്ധുവിനെ യാത്രയിൽ അനുഗമിക്കാനും അനുവദിക്കണമെന്ന് ഹർജിയിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്നു.

കേസിൽ കഴിഞ്ഞ ദിവസം പ്രാരംഭ വാദം കേട്ട കോടതി മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. സൗമ്യയ്ക്ക് വേണ്ടി കോടതിയിൽ മുതിർന്ന അഭിഭാഷകനായ മിലിന്ദ് സതെയാണ് ഹാജരായത്. ഇന്ത്യയിൽ ഇപ്പോഴും 18 വയസിന് മുകളിൽ ഉള്ളവർക്ക് മാത്രമേ വാക്സിൻ എടുക്കാൻ അനുവാദമുള്ളു. അതേസമയം 12 വയസിന് മുകളിലുള്ള എല്ലാവർക്കും കുത്തിവയ്പ്പ് നൽകാൻ യുഎസ് ഭരണകൂടം അനുവദിച്ചിരുന്നു.

സൗമ്യയുടെ മാതാപിതാക്കൾക്ക് മകൾക്കൊപ്പം അമേരിക്കയിലേക്ക് ഇപ്പോൾ പോകുന്നതിന് തടസങ്ങളേറെയുണ്ട്. സൗമ്യയുടെ മുത്തശി കൊവിഡ് മുക്തയായത് അടുത്തിടെയാണെന്നും അവരെ പരിചരിക്കേണ്ട ആവശ്യമുണ്ടെന്നും ഹർജിയിൽ പറയുന്നു. അവരെ കൂടെ അമേരിക്കയിൽ കൊണ്ടു പോകുന്നതിനും ഇപ്പോൾ തടസങ്ങളേറെയുണ്ട്. യു എസ് പൗരന്മാരൊഴികെയുള്ളവർക്ക് ഇന്ത്യയിൽ നിന്നും പ്രവേശനം അമേരിക്ക തടഞ്ഞിരിക്കുകയാണിപ്പോൾ. അതേസമയം പ്രായപൂർത്തിയാകാത്ത യുഎസ് പൗരനോടൊപ്പം പൗരനല്ലാത്ത ഒരാൾക്കും പോകാനാവും. സർക്കാരിന്റെ അഭിപ്രായം ലഭിച്ചതിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.