mithali

മുംബയ്: പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രമേശ് പൊവാറുമായി 2018 വനിതാ ടി20 വേൾഡ് കപ്പിനിടെ ഉണ്ടായ പ്രശ്‌നങ്ങൾ അടഞ്ഞ അദ്ധ്യായമാണെന്ന് ഇന്ത്യൻ വനിതാ ടീം ക്യാപ്‌ടൻ മിതാലിരാജ്. ഇംഗ്ളണ്ട് പര്യടനത്തെ ഇത് ഒരുരീതിയിലും ബാധിക്കില്ലെന്നും മിതാലിരാജ് അറിയിച്ചു.

ഇംഗ്ളണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിതാലി. രമേശ്പവാറും പത്രസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു. തനിക്കു മിതാലിയുമായി യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നും ഉണ്ടായിരുന്നെങ്കിൽ താൻ പരിശീലക സ്ഥാനത്തേക്ക് മടങ്ങിവരികയില്ലായിരുന്നെന്നും പൊവാർ പറഞ്ഞു.

2018ൽ നടന്ന വനിതാ ടി20 വേൾഡ്കപ്പ് സെമിഫൈനലിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ ചോദ്യംചെയ്ത് പരിശീലകൻ പൊവാറിനെതിരെ മിതാലി മുൻപ് രംഗത്തുവന്നിരുന്നു. .ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ വലിയ വാഗ്വാദങ്ങൾ നടക്കുകയും, പൊവാറിന്റെ പരിശീലകസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷം കഴിഞ്ഞ മാസമാണ് പൊവാർ പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.

ജൂൺ 27ന് തുടങ്ങുന്ന വിദേശപര്യടനത്തിൽ ഇന്ത്യൻവനിതകൾ ഇംഗ്ളണ്ടുമായി ഒരുടെസ്റ്റും, മൂന്ന്‌ വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിക്കും.