cmo

തിരുവനന്തപുരം: ഇന്ധനവില വർദ്ധനയിൽ കേന്ദ്ര സ‌ർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കഴിഞ്ഞ ആറ് വർഷംകൊണ്ട് ഇന്ധനവിലയിൽ 307 ശതമാനം നികുതിവർദ്ധന കേന്ദ്രം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സി.എച്ച് കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

2010ലും 2014ലും ഇന്ധനവില നിയന്ത്രണം കേന്ദ്ര സ‌ർക്കാർ എടുത്തുകളഞ്ഞതോടെ വില ക്രമാനുഗതമായി ഉയരുന്ന സ്ഥിതിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബേസിക് എക്സൈസ് തീരുവ, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തല സൗകര്യ വികസന സെസ്, അഡീഷണൽ എക്സൈസ് ഡ്യൂട്ടി & റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിങ്ങനെ നാല് തരം എക്‌സൈസ് തീരുവകളാണ് ഇന്ധനവിലയിൽ കേന്ദ്ര സർക്കാർ ചുമത്തുന്നത്. ഇതിൽ ബേസിക് എക്‌സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവയ്‌ക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2021 ഫെബ്രുവരിയിൽ കേന്ദ്ര സ‌ർക്കാ‌ർ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം 67 രൂപ എക്‌സൈസ് തീരുവയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനവുമായി പങ്കുവയ്‌ക്കുന്നത്. കഴിഞ്ഞവർഷം 19 തവണ ഇന്ധനവില വ‌ർദ്ധിപ്പിച്ചെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നികുതി വർദ്ധനയുടെ ഗുണഭോക്താവ് കേന്ദ്രം മാത്രമാണ്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ഉപഭോക്താവിന് കിട്ടുമെന്ന് അവകാശവാദം വസ്‌തുതയുടെ പിൻബലമില്ലാത്തതാണ്. അന്താരാഷ്ട്ര വിപണിയിൽ വിലകുറഞ്ഞപ്പോൾ എക്‌സൈസ് തീരുവ വർദ്ധിപ്പിച്ച് കേന്ദ്രം വില കുറയ്‌ക്കാതെ പിടിച്ചുനിർത്തുകയാണ്.

ഇന്ധനവില ഉയരുന്നത് കേരളം പോലെ ഉപഭോക്‌തൃ സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ചയ്‌ക്ക് തിരിച്ചടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനം പെട്രോളിന് നികുതി വേണ്ടെന്ന് പറയുന്നത് വിചിത്രമായ വാദമാണെന്നും അഭിപ്രായപ്പെട്ടു.