ദുബായ്: ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10ൽനിന്നും 14ആയി ഉയർത്താൻ ഐസിസി തീരുമാനിച്ചു. 2027ൽ നടക്കുന്ന ടൂർണമെന്റ് മുതലാകും ഈമാറ്റം ഉണ്ടാകുക. ഇതുകൂടാതെ ടി20 വേൾഡ്കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 20 ആയി ഉയർത്താനും 2017ൽ നിർത്തലാക്കിയ ചാംപ്യൻസ് ട്രോഫി പുനരാരംഭിക്കുവാനും ഐസിസി തീരുമാനിച്ചു. ഐസിസിയുടെ 2027-31 കലണ്ടർ പരിഷ്‌കരണ കമ്മിറ്റിയുടേതാണ് ഈ തീരുമാനങ്ങൾ.
ഐസിസിയുടെ ഏകദിന റാങ്കിംഗിലെ ആദ്യ എട്ടുസ്ഥാനക്കാർ മത്സരിച്ചിരുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് നാലുവർഷത്തിലൊരിക്കൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ടൂർണമെന്റ് 2025ലും അടുത്തത് 2029ലും നടക്കും.
കൂടാതെ ലോക ടെസ്റ്റ് ചാപ്യൻഷിപ്പ് നിലവിൽ നടക്കുന്നതുപോലെ രണ്ടുവർഷത്തിലൊരിക്കൽ ഒൻപത് ടീമുകളുമായി ആറ് സീരിസ് മത്സരങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2019ൽ ആരംഭിച്ച ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ മത്സരം ഈമാസം 18മുതൽ22വരെ സതാംപ്ടണിൽ നടക്കും. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഫൈനൽ പോരാട്ടം.
ലോകകപ്പ് ടീമുകളുടെ എണ്ണം 2015ൽ പത്തായി കുറച്ചത് മുതൽ ടീമുകളുടെഎണ്ണം ഉയർത്താൻ ഐസിസിയുടെമേൽ ശക്തമായ സമ്മർദ്ദം ഉണ്ട്. ടീമുകളുടെ എണ്ണം ഉയർത്തുന്നതിനോടൊപ്പം 2003ൽ പരീക്ഷിച്ച സൂപ്പർ6 സ്റ്റേജും മടങ്ങിവരും. എന്നാൽ നിലവിൽ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളായി നടത്തുന്ന സൂപ്പർലീഗ് ടൂർണമെന്റിന്റെ ഭാവി എന്തായിരിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടില്ല.