ഇപ്പോൾ എവിടെയും ചർച്ചാവിഷയം ഫംഗസാണ്. ബ്ലാക്ക്, വൈറ്റ്, ഇപ്പോഴിതാ എല്ലോയും. ബ്ലാക്ക് ഫംഗസ് ബാധിച്ച് കൃത്യമായ ചികിത്സ കിട്ടാത്തവരിൽ 80 ശതമാനം പേർക്കും ജീവഹാനിയുണ്ടാകാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കൃത്യസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കിൽ മരണസംഖ്യ കുറയ്ക്കാമെന്നതും ശ്രദ്ധേയമാണ്.
പ്രമേഹം നിയന്ത്രണ വിധേയമല്ലാത്ത കൊവിഡ് രോഗികളാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന ഇരകൾ. ഇപ്പോൾ ഈ രോഗം കണ്ടുപിടിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നത് ആശ്വാസകരമാണ്. തുടക്ക സമയത്ത് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നോ എന്ന് സംശയമുണ്ട്.
കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 36 പേരിലാണെങ്കിലും രാജ്യത്താകെയുള്ളവരുടെ സംഖ്യ 8848 കടന്നിരിക്കുന്നു. ഇത് രോഗ വ്യാപനത്തിന്റെ തീവ്രതയെയാണ് സൂചിപ്പിക്കുന്നത്.
ഗുജറാത്തിൽ മാത്രം 2281 പേർ മ്യൂക്കോർ മൈക്കോസിസ് എന്ന ഫംഗസ് ബാധിച്ചവരാണ്. ബാധിക്കുന്ന ഭാഗത്തെ ആശ്രയിച്ച് കറുപ്പ്, വെളുപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങൾ ഉണ്ടാകാം. കേരളം പതിനഞ്ചാം സ്ഥാനത്താണെന്ന് ആശ്വസിക്കാമെങ്കിലും നൂറിൽ കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം 10 കടന്നിരിക്കുന്നു.
ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കൊവിഡ് കാരണം ഇതുവരെ മരിച്ച ഡോക്ടർമാരുടെ എണ്ണം 1168 കടന്നു എന്നത്.
വാക്സിനേഷൻ എടുത്തവരും കൃത്യസമയത്ത് ചികിത്സ ലഭിച്ചവരുമായിരുന്നിട്ട് കൂടി രണ്ടാം തരംഗത്തിൽ 420 ഡോക്ടർമാർക്ക് ജീവൻവെടിയേണ്ടിവന്നു. ഡൽഹി, ബീഹാർ എന്നിവിടങ്ങളിൽ നൂറോളം ഡോക്ടർമാരാണ് മരണമടഞ്ഞത്. ഉത്തർപ്രദേശും പിന്നാലെ തന്നെയുണ്ട്. ഇവയൊക്കെ ചേർത്തുവായിച്ചാൽ ഫംഗസ് രോഗം നേരത്തെ തന്നെ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന് കൂടി പറയേണ്ടി വരും. ഡോക്ടർമാറായിട്ടും ഇതൊക്കെ വന്നല്ലോ ... എന്ന് ചോദിക്കുന്നവരോട് അതുതന്നെ വീണ്ടും പറയേണ്ടി വരും ; ആർക്കായാലും രോഗം വരാതിരിക്കാൻ തന്നെയാണ് മുൻഗണന നൽകേണ്ടത്.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഒന്നല്ല ഫംഗസ് ബാധ. കോവിഡിന് ശേഷം നെഗറ്റീവായവരിലാണ് ഇത്തരം ലക്ഷണങ്ങൾ കാണുന്നതെങ്കിൽ വലിയ പ്രാധാന്യം നൽകേണ്ടതാണ്. അതോടൊപ്പം ഏത് പ്രായക്കാരിലും, കൊവിഡ് ബാധിക്കാത്തവരിലും ഫംഗസ് ബാധ ഉണ്ടാകാവുന്നതാണ്. സി.ടി സ്കാൻ, എക്സ് റേ പരിശോധനകൾ വഴി ഫംഗസിന്റെ സാന്നിദ്ധ്യം കണ്ടെത്താം.
ഈ സാഹചര്യങ്ങളിൽ പല വിഭാഗത്തിൽപ്പെട്ട ഫംഗസുകളും ബാധിക്കാവുന്നതാണ്.ശരിയായ സമയത്ത് രോഗനിർണ്ണയം നടത്തി ചികിത്സ ചെയ്താൽ ഫംഗസ് രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. അതുപോലെ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ അതിന് കാരണമായ സാഹചര്യങ്ങളെ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നതും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നതും പ്രധാനമാണ്.
ഫംഗസ് സാദ്ധ്യത
ആർക്കൊക്കെ?
40 വയസിന് മുകളിൽ പ്രായമുള്ള പ്രമേഹരോഗികൾ, അവരിൽതന്നെ കൊവിഡ് രോഗം കൂടി ബാധിച്ചവർ, രോഗപ്രതിരോധശേഷി പൊതുവേ കുറഞ്ഞവർ, അവയവമാറ്റ ശസ്ത്രക്രിയ ചെയ്തവർ, അർബുദ രോഗികൾ, കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുന്നവർ, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ, ഐ.സി.യുവിൽ തുടർച്ചയായി കഴിയേണ്ടിവന്ന കൊവിഡ് രോഗികൾ, കർശന നിരീക്ഷണത്തിലല്ലാതെ ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളും ഉപയോഗിച്ചവർ തുടങ്ങിയവർക്കാണ് ഫംഗസ് ബാധയേൽക്കാൻ സാദ്ധ്യത കൂടുതലുള്ളത്.
മഴക്കാലവും ഈർപ്പമുള്ള ചുവരുകളും വസ്ത്രങ്ങളും, പൊതുവേ ഫംഗസ്സുകൾക്ക് വളരാൻ ഏറെ സാദ്ധ്യതയുള്ള മണ്ണും ചാണകവും, ഹോം ഐസൊലേഷന് വേണ്ടി ഒഴിഞ്ഞുകിടന്ന മുറികൾ പൊടിതട്ടിയെടുത്തവർ, ഈർപ്പമുള്ള പഴയ മാസ്കുകൾ വീണ്ടും ഉപയോഗിക്കുന്നവർ, ശ്രദ്ധയും വൃത്തിയുമില്ലാതെ ഇൻഹലേഷനും നെബുലൈസേഷനും ഓക്സിജനും എടുക്കുന്നവരും ഫംഗസ് ബാധയുടെ ഭീഷണിയിലാണ്.
നാസാരന്ധ്രം, സൈനസുകൾ, പ്ലീഹ, ശ്വാസകോശം, ചർമ്മം, കണ്ണ് ഹൃദയം, മസ്തിഷ്കം, ഉദരം, രക്ത വാഹിനികൾ എന്നീ ഭാഗങ്ങളിലാണ് ഫംഗസ് ബാധയേൽക്കാൻ സാദ്ധ്യത കൂടുതലുള്ളത്. ഏത് ഭാഗത്താണോ ഫംഗസ് ബാധിക്കുന്നത് അതിനനുസരിച്ച നിറവും ലക്ഷണങ്ങളുമാണ് രോഗിയിലുണ്ടാകുന്നത്.
രോഗം ബാധിച്ചാൽ....
കണ്ണിലും സമീപപ്രദേശങ്ങളിലും ബാധിച്ചാൽ കാഴ്ച നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. മൂക്കൊലിപ്പ്, കാഴ്ച മങ്ങുക, വസ്തുക്കളെ രണ്ടായി കാണുക എന്നിവയും നാസാരന്ധ്രങ്ങളേയോ സൈനസുകളേയോ ബാധിച്ചാൽ മുഖത്തിന്റെ ഒരുവശത്ത് വീക്കം, തല വേദന, സൈനസുകളിൽ വേദന, മൂക്കും സൈനസുകളും അടഞ്ഞിരിക്കുക, സ്രാവം, മൂക്കിന്റെ പുറത്ത് നിറവ്യത്യാസം, മൂക്കിന്റെ പാലത്തിലും വായ്ക്കകത്ത് മുകൾഭാഗത്തും കറുത്ത പാടുകൾ കാണുക, ഇവ വളരെ പെട്ടെന്ന് വർദ്ധിക്കുകയും അപകടമുണ്ടാക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കുക.
മറ്റു ഭാഗങ്ങളെ ബാധിക്കുന്നതിനനുസരിച്ച് ചുമ, നെഞ്ചുവേദന, പനി, ശ്വാസതടസ്സം, ഓർക്കാനം, ഛർദ്ദി, വയറുവേദന, വയറ്റിൽനിന്നും ബ്ലീഡിംഗ്, ചുമയ്ക്കുമ്പോൾ രക്തം കാണുക തുടങ്ങിയ ലക്ഷണങ്ങളും കാണാം. വിട്ടുമാറാത്ത തലവേദന, മുഖത്ത് തൊട്ടാലറിയായ്ക, പല്ലിന് ഇളക്കം, നാസികയിലും സമീപഭാഗങ്ങളിലുമുള്ള അസ്ഥികൾക്ക് നാശം എന്നിവയും സംഭവിക്കാം.
ത്വക്കിൽ മുറിവ്, പൊള്ളൽ, ചതവുകൾ തുടങ്ങിയവയിലൂടെയാകാം ചിലപ്പോൾ ഫംഗസ് ബാധിക്കുന്നത്. അമിതമായ ചുവപ്പുനിറം, രോഗംബാധിച്ച ഭാഗത്ത് വ്യാപിക്കുന്ന കറുപ്പുനിറം, കറുത്ത ചർമ്മകലകൾ, പൊട്ടലുകൾ, നീര്, വീക്കം, വ്രണം എന്നിവയുണ്ടാകാം.