ജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ ഒരു ഘട്ടത്തിലൂടെ ഗായിക ശ്രേയ ഘോഷാൽ കടന്നുപോകുന്നത്. കഴിഞ്ഞ മാസമാണ് ശ്രേയയുടെയും ഭർത്താവ് ശൈലാദിത്യയുടെയും ജീവിതത്തിലേക്ക് ഒരു ആൺകുഞ്ഞ് കടന്നുവന്നത്. ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി മകന്റെ പേര് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രേയ.
ദേവ്യാൻ മുഖോപാധ്യായ എന്നാണ് ശ്രേയയുടെ മകന്റെ പേരിട്ടിരിക്കുന്നത്.
'ദേവ്യാൻ മുഖോപാധ്യായെ ഇവിടെ പരിചയപ്പെടുത്തുന്നു. മെയ് 22നാണ് അവൻ ഞങ്ങളുടെ ജീവിതത്തിയലേയ്ക്കു കടന്നു വന്നത്. ആ വരവ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. അച്ഛനും അമ്മയും ആയ നിമിഷം ഞങ്ങൾ അനുഭവിച്ച സന്തോഷത്തെ വിവരിക്കാൻ വാക്കുകളില്ല. മാതാപിതാക്കൾക്ക് അവരുടെ കു!*!ഞ്ഞുങ്ങളിലൂടെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രത്യേക സ്‌നേഹനിമിഷമാണത്. തികച്ചും നിഷ്‌കളങ്കവും അതിരില്ലാത്തതും അഗാധവുമായ സ്‌നേഹമാണത്. ഇപ്പോഴും അതൊക്കെ ഒരു സ്വപ്നം പോലെ തന്നെ തോന്നുന്നു. ജീവിതത്തിൽ ഇതുപോലൊരു സുന്ദര സമ്മാനം ലഭിച്ചതിനു ഞാനും ശൈലാദിത്യയും ദൈവത്തോടു നന്ദി പറയുന്നു', എന്നാണ് ശ്രേയ കുറിച്ചത്.
കഴിഞ്ഞ മാസം 22നാണ് ശ്രേയ ഘോഷാൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ആദ്യ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ശ്രേയയും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഒപ്പം എല്ലാവരുടെയും പ്രാർഥനകൾക്കും സ്‌നേഹത്തിനും നന്ദിയറിയിക്കുകയും ചെയ്തു. ആദ്യ കൺമണിയെ വീട്ടിലേയ്ക്കു വരവേൽക്കാനായൊരുക്കിയ സ്‌പെഷ്യൽ കേക്കിന്റെ ചിത്രവും ശ്രേയ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. നീലയും വെള്ളയും നിറത്തിൽ ഒരുക്കിയ കേക്കിന് മോടി കൂട്ടാൻ പ്രത്യേക അലങ്കാരങ്ങളുണ്ട്. കുഞ്ഞു പാദങ്ങളും കളിപ്പാട്ടങ്ങളും പൂക്കളും കൊണ്ട് വെറൈറ്റിയായിട്ടാണ് കേക്കൊരുക്കിയത്.
'ഞങ്ങളുടെ കുഞ്ഞിനുള്ള വെൽകം കേക്കാണിത്' എന്ന അടിക്കുറിപ്പോടെയാണ് കേക്കിന്റെ ചിത്രം ഗായിക പങ്കുവച്ചത്. അതിമനോഹരമായി ഒരുക്കിയ കേക്ക് ആരാധകർക്കിടയിലും ചർച്ചയായിരുന്നു.