തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ വാക്‌സിൻ, വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് ഇതുവരെ നേരിട്ട് വാങ്ങിയത് 10 സ്വകാര്യ ആശുപത്രികൾ മാത്രം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്വകാര്യ ആശുപത്രികളാണ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ചത്. ഈ ജില്ലകളിലെ 25ഓളം കമ്പനികൾ ആശുപത്രികളുമായി ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്. 20 സ്വകാര്യ ആശുപത്രികൾ കൂടി രണ്ടാഴ്ചയ്ക്കുള്ളിൽ വാക്‌സിൻ വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. വാക്സിൻ വാങ്ങാൻ സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ഉദ്യോഗസ്ഥരെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ വാക്‌സിൻ നയത്തിലുണ്ടായ അവ്യക്തതയാണ് മറ്റ് ആശുപത്രികളെ സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നാണ് സൂചന.
ഏപ്രിൽ 30 വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 17.12% പേർക്ക് ആദ്യ ഘട്ട ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. മേയ് അവസാനമായപ്പോൾ ഇത് 19.09% മാത്രമാണെന്നത് വാക്‌സിൻ വിതരണത്തിലെ മന്ദതയെയാണ് സൂചിപ്പിക്കുന്നത്. 45ന് മുകളിൽ പ്രായമുള്ള 1.14 കോടി പേർക്ക് മേയ് 30നകം വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. വാക്‌സിൻ ലഭ്യത വലിയൊരു വെല്ലുവിളി ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് തുറന്ന് സമ്മതിക്കുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്.
സംസ്ഥാനത്തെ വലിയ സ്വകാര്യ ആശുപത്രികളെല്ലാം തന്നെ കൊവിഷീൽഡ്, കൊവാക്‌സിൻ, സ്പുട്നിക് എന്നീ വാക്‌സിനുകളാണ് നേരിട്ട് വാങ്ങുന്നത്. പല ആശുപത്രികളും തുക മുൻകൂറായി നൽകിയിട്ടുമുണ്ട്. പല ആശുപത്രികളിലും വാക്സിൻ ലഭ്യമാണോയെന്ന് അന്വേഷിച്ച് പ്രതിദിനം അഞ്ഞൂറോളം ഫോൺ വിളികൾ എത്തുന്നുണ്ട്.
വാക്സിനേഷൻ തുടങ്ങി 4 മാസം പിന്നിടുമ്പോൾ രണ്ട് ഡോസ് വാക്സിനും ലഭിച്ചത് 5.69 ശതമാനം പേർക്ക് മാത്രമാണ്. 19.38 ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചു. 45 വയസിന് മുകളിലുള്ളവരിൽ 49 ശതമാനം പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 22 ശതമാനം പേർക്ക് രണ്ടാം ഡോസ് ലഭിച്ചു. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സർക്കാർ ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് വാക്‌സിൻ ശേഖരം ഉണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ വ്യക്തമാക്കി. അസോസിയേഷൻ വഴി കൂടുതൽ വാക്സിൻ വാങ്ങുന്നതിനായി നിർമ്മാതാക്കളുമായി ചർച്ചകൾ തുടങ്ങിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ലക്ഷ്യം നടപ്പാകണമെങ്കിൽ ഇനിയും ദീർഘനാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.