പാരീസ് : അർബുദത്തിന്റെ പിടിയിൽനിന്നും മോചിതയായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സ്പാനിഷ് ടെന്നിസ് താരം കാർല സുവാരേസ് നവാരോയ്ക്ക് ഫ്രഞ്ച് ഓപ്പണിലെ ആദ്യ മത്സരത്തിൽ തോൽവി. 118–ാം റാങ്കുകാരിയായ കാർലയെ സ്ലൊവാനെ സ്റ്റീഫൻസ് ആണ് തോൽപ്പിച്ചത്. 3–6, 7–6(4), 6–4 എന്ന സ്കോറിനായിരുന്നു യുഎസ് താരത്തിന്റെ വിജയം.
ഫ്രഞ്ച് ഓപ്പണിൽ രണ്ടുതവണ ക്വാർട്ടർ ഫൈനൽ കളിച്ച താരമാണ് കാർല. കഴിഞ്ഞ വർഷം 32കാരിയായ കാർലയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് കാൻസർ സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തിലായിരുന്നതിനാൽ ചികിത്സയിലൂടെ രോഗം ഭേദമായി. ആറു മാസത്തോളം കീമോ തെറാപ്പിക്കു വിധേയയായിരുന്നു. ഡിസംബറിലാണ് പരിശീലനം പുനരാരംഭിച്ചത്.