തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തോളമായി ആരും ആശ്രയമില്ലാതെ രോഗങ്ങളുടെ ബുദ്ധിമുട്ടുകളുമായി നഗരത്തിലെ ഒരു പാലത്തിന്റെ ചുവട്ടിലായിരുന്നു രവിയുടെ താമസം. ഇന്ന് ജനപ്രതിനിധികളുടെ കൃത്യമായ ഇടപെടൽ കൊണ്ട് രവിയ്‌ക്ക് പുതുജീവിതം കൈവന്നിരിക്കുകയാണ്.
തലസ്ഥാന നഗരത്തിലെ മരുതംകുഴി പാലത്തിന് ചുവട്ടിലായിരുന്നു രവി കഴിഞ്ഞുവന്നത്. ഇയാളെകുറിച്ച് ആരോ പിടിപി നഗർ വാർഡ് കൗൺസിലറും ബിജെപി നേതാവുമായ വി.ജി ഗിരികുമാറിനെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി രവിയുടെ ദയനീയാവസ്ഥ മനസിലാക്കി.
അടുത്ത ബന്ധുക്കൾ എന്നുപറയാൻ ഒരു ജ്യേഷ്‌ഠൻ മാത്രമാണുളളത്. എന്നാൽ അവരുമായി അധികം അടുപ്പം രവിക്കില്ല. പാലം നിൽക്കുന്ന സ്ഥലം കാഞ്ഞിരമ്പാറ വാർഡായതിനാൽ അവിടെയുളള കൗൺസിലറായ സുമി ബാലുവുമായി ചേർന്ന് വൃദ്ധന്റെ പുനരധിവാസം ഉറപ്പാക്കാനുളള നടപടികൾ ആരംഭിച്ചു. രവിയ്‌ക്ക് നഗരസഭയുടെ പുനരധിവാസകേന്ദ്രമായ 'സാക്ഷാത്‌കാര'ത്തിൽ താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷന് കത്ത് നൽകി.
തുടർന്ന് മേയർ ആര്യാ രാജേന്ദ്രന്റെ ഇടപെടലുണ്ടാകുകയും രവിയെ കല്ലടിമുഖത്തുളള സാക്ഷാത്‌കാരത്തിലേക്ക് മാറ്റുകയും ചെയ്‌തു.