വാഷിംഗ്ടൺ: ആഗോളതലത്തിൽ വാക്‌സിൻ തുല്യമായി നൽകാൻ ലോകരാജ്യങ്ങൾ സഹകരിക്കണമെന്ന് ആഗോള സംഘടനകളുടെ തലവന്മാർ. ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, ലോക വ്യാപാര സംഘടന എന്നീ നാല് ആഗോള സംഘടനകളുടെ മേധാവികളാണ് ചൊവ്വാഴ്ച വാഷിംഗ്ടൺ പോസ്റ്റിൽ ഇങ്ങനെയൊരു അഭ്യർത്ഥന നടത്തിയത്.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്, ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ, ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്, ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ ഇവാല എന്നിവരാണ് അഭ്യർത്ഥന നടത്തിയത്.
സമ്പന്ന - ദരിദ്ര രാജ്യങ്ങൾ തമ്മിലുള്ള വാക്‌സിൻ അസമത്വം ആഗോളതലത്തിൽ വളരെ കൂടുതലാണെന്ന് ഇവർ വിലയിരുത്തി. വികസ്വര രാജ്യങ്ങളിൽ വാക്‌സിന്‍ ലഭ്യത കുറവായതിനാലാണ് കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ഇടക്കിടെഉണ്ടാകുന്നത്.
ജൂൺ അവസാനം ബ്രിട്ടനിൽ നടക്കുന്ന യോഗത്തിൽ ജി. സെവൻ രാജ്യങ്ങളോട് ധനസഹായം അടക്കമുള്ള സഹകരണങ്ങൾ അവശ്യപ്പെടും. ഐ.എം.എഫ് ഇതിനകം മുന്നോട്ടുവച്ച 50 ലക്ഷം കോടി ഡോളറിന്റെ പദ്ധതിക്ക് ധനസഹായം നൽകാൻ ജി. സെവൻ രാജ്യങ്ങൾ സമ്മതിച്ചതായി ഇവർ അറിയിച്ചു.
വാക്‌സിൻ അസമത്വം ലോകത്ത് കുടുതലാണെന്ന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന
പ്രഖ്യാപിച്ചിരുന്നു. സമ്പന്ന രാജ്യങ്ങളോട് വാക്‌സിൻ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാൻ ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.