supreme-court

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ വിതരണനയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വാക്‌സിൻ സംഭരണത്തെക്കുറിച്ചുള‌ള പൂർണ്ണവിവരങ്ങൾ അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കൊവിഡ് മൂന്നാംതരംഗത്തെ സൂക്ഷിക്കണമെന്നും സദാസമയം കരുതിയിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

45 വയസിന് മുകളിലുള‌ളവർക്ക് സൗജന്യമായി വാക്‌സിൻ ലഭിക്കുമ്പോൾ അതിന് താഴെ പ്രായമുള‌ള ജനങ്ങൾ പണം നൽകണമെന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇത്തരം നിലപാട് ഏകപക്ഷീയവും വിവേചനപരവുമാണെന്നും സർക്കാരിന്റെ തന്നിഷ്ടം ആണ് ഇത് കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരമൊരു അവസ്ഥയിൽ കോടതിക്ക്‌ വെറുമൊരു മൂകസാക്ഷിയായി ഇരിക്കുവാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുള‌ള ബെഞ്ച് പരാമർശിച്ചു. വാക്‌സിൻ സൗജന്യമായി നൽകുന്നതിന്റെ വിശദാംശങ്ങൾ നൽകാൻ സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു.