തിരുവനന്തപുരം: എൻ.ഡി.എയിൽ മടങ്ങിയെത്തുന്നതിന് കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പത്തുലക്ഷം രൂപ കെെമാറിയെന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി. മലയാളി എന്നും ഒന്നാമൻ തന്നെ! ഒന്നാലോചിച്ചുനോക്കിയേ, ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജാനുവിന്‍റെ രാഷ്‌ട്രീയ പാർട്ടിയുടെ ട്രഷററായ പ്രസീതയുമായി സുരേന്ദ്രന്‍ നടത്തിയതെന്ന പേരിൽ പ്രചരിക്കുന്ന ഫോണ്‍ സംഭാഷണം സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിഹാസവുമായി അദ്ദേഹം രംഗത്തെത്തിയത്. ജാനു എന്‍.ഡി.എയില്‍ തിരികെ എത്താന്‍ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പ്രസീത സുരേന്ദ്രനോട് ഫോണില്‍ പറയുന്നത്.
നേരത്തെ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച സമയത്ത് ആരോടോ കാശ് വാങ്ങിയിട്ടുണ്ട്. അത് തിരികെ നല്‍കിയ ശേഷമേ എന്‍.ഡി.എയിലേക്ക് തിരിച്ചുവരാന്‍ കഴിയുകയുളളൂ. പത്തു ലക്ഷം രൂപ കൈയില്‍ കിട്ടിയാല്‍ ബത്തേരിയില്‍ മത്സരിക്കാമെന്നും ഏഴാം തീയതിയിലെ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാമെന്ന് ജാനു അറിയിച്ചതായും പ്രചരിക്കുന്ന ഫോൺ സംഭാഷണത്തിൽ പറയുന്നു.
ആറാം തീയതി രാവിലെ തിരുവനന്തപുരത്ത് എത്തിയാല്‍ പണം തരാമെന്ന് സുരേന്ദ്രന്‍ പറയുന്നതായും ശബ്‌ദരേഖയിലുണ്ട്. അതേസമയം, പണം കൈപ്പറ്റിയെന്ന ആരോപണം ജാനു നിഷേധിച്ചു. പുറത്തുവന്ന ശബ്‌ദരേഖയെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ പ്രതികരിച്ചു. ജാനുവിന്‍റെ പാർട്ടിക്കുളളിലെ ആഭ്യന്തര തർക്കങ്ങളാണ് ഇതിനു പിന്നിലെന്നും വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്നുമാണ് സുരേന്ദ്രന്‍റെ നിലപാട്.