congress

ന്യൂഡൽഹി: കെ പി സി സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുമെന്ന് സൂചന നൽകി കോൺഗ്രസ് നേതാക്കൾ. അദ്ധ്യക്ഷനെ പ്രഖ്യാപിക്കും മുമ്പ് സംസ്ഥാന കോൺഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസിലാക്കാനാണ് ഹൈക്കമാൻഡ് നീക്കം. ഇതിനായി കേരളത്തിന്‍റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തിയേക്കുമെന്നാണ് വിവരം.

എം പിമാരിൽ നിന്നും എം എൽ എമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെയടക്കം അടിസ്ഥാനത്തിലാവും പാർട്ടി തീരുമാനമുണ്ടാവുക. പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കാതെ എല്ലാവർക്കും സ്വീകാര്യമാവുന്ന തീരുമാനം എടുക്കുകയെന്നതാണ് ഹൈക്കമാൻഡിന്‍റെ നയം.

കേരളത്തിലെ കാര്യമായതിനാൽ കോൺഗ്രസ് അദ്ധ്യക്ഷയെടുക്കുന്ന തീരുമാനത്തിൽ ഇടപെടാതിരിക്കുക എന്ന സമീപനമാണ് മുതിർന്ന നേതാക്കളായ എ.കെ ആന്‍റണിയും കെ സി വേണുഗോപാലും സ്വീകരിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവിൽ കെ സുധാകരന്‍റെ പേരിനുതന്നെയാണ് മുൻതൂക്കമെങ്കിലും കൊടിക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വലിയതോതിൽ വോട്ടു ചോർച്ച ഉണ്ടായ പശ്ചാത്തലത്തിൽ മറ്റൊരു വർക്കിംഗ് പ്രസിഡന്‍റായ കെ വി തോമസിനെ പരിഗണിച്ചുകൂടെന്നുമില്ല. എന്നാൽ ഇവരാരുമല്ലാതെ പുതിയ തലമുറയിൽപ്പെട്ട ജനകീയ അടിത്തറയുള്ളവരെ അദ്ധ്യക്ഷനാക്കുന്ന കാര്യവും തള്ളിക്കൂടെന്നുതന്നെയാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.