cbse

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്ന് സി ബി എസ് ഇ. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കപ്പെടാതെ കുറച്ചുദിവസം കാത്തിരിക്കണമെന്ന് സി ബി എസ് ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കൂടി സഹായത്തെടെ മൂല്യനിര്‍ണയത്തിന് വിവിധ മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് സി ബി എസ് ഇ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങുന്നതിന് മുമ്പ് ഫലം പ്രസിദ്ധീകരിക്കുമെന്ന് സി ബി എസ് ഇ വ്യക്തമാക്കുന്നു. പരീക്ഷകള്‍ ഒന്നും നടത്താതെ ഫലം പ്രഖ്യാപിക്കേണ്ടിവരുന്നത് ഇതാദ്യമാണ്. അതിനാല്‍ എല്ലാ വശങ്ങളും പരിശോധിക്കണം. മൂല്യനിര്‍ണയത്തില്‍ സ്‌കൂളുകള്‍ക്ക് പൂര്‍ണാധികാരം നല്‍കിയാല്‍ ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയും സി ബി എസ് ഇക്കുണ്ട്.

നിലവില്‍ രണ്ടു മാര്‍ഗങ്ങളാണ് സി ബി എസ് ഇയുടെ ആലോചനയിലുള്ളത്. പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഫൈനല്‍ പരീക്ഷകളിലെയും പന്ത്രണ്ടാംക്ലാസിലെ ഇന്‍റേണല്‍ പരീക്ഷയിലെയും മികവിന്‍റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുകയാണ് ഒരു മാര്‍ഗം. പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയ്‍ക്ക് വെയിറ്റേജ് നല്‍കി, പന്ത്രണ്ടാം ക്ലാസിലെ ഇന്‍റേണല്‍ മാര്‍ക്ക് പരിഗണിച്ച് മൂല്യനിര്‍ണയം നടത്തുകയാണ് മറ്റൊരു മാര്‍ഗം. അതേസമയം, സി ബി എസ് ഇ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് ബോര്‍ഡുകള്‍ പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ വേണ്ടെന്ന് വച്ചിട്ടുണ്ട്.