netanyahu

ജറുസലേം: പത്തുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാര കസേരയിൽ നിന്ന് പുറത്തേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതാണ് രാജ്യത്ത് ഭരണമാറ്റത്തിന് വഴിയൊരുക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയ്‌ർ ലപീദ് പ്രസിഡന്‍റ് റൂവന്‍ റിവ്‌ലിനെ അറിയിച്ചു.

തീവ്ര വലതുപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്‌താലി ബെനറ്റുമായാണ് ലപീദ് സഖ്യമുണ്ടാക്കിയത്. ആദ്യ രണ്ടുവര്‍ഷം ബെനറ്റ് പ്രധാനമന്ത്രിയാവും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാല് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലിൽ നടന്നത്. രണ്ടു മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെ സർക്കാരുണ്ടാക്കാൻ പ്രസിഡന്‍റ് ആദ്യം ക്ഷണിച്ചിരുന്നു.

ലിക്കുഡ് പാര്‍ട്ടിക്ക് 52 സീറ്റാണ് ലഭിച്ചത്. നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുകളും കിട്ടി. നെതന്യാഹുവിന് പിന്തുണ നേടാന്‍ കഴിയാതെ വന്നതോടെയാണ് അവസരം ലപീദിനു ലഭിക്കുന്നത്. ഏഴ് സീറ്റുകൾ നേടിയ വലതുപക്ഷ പാർട്ടി യമിനയുടെയും നാല് സീറ്റുകൾ നേടിയ അറബ് കക്ഷി റാആമിന്‍റെയും നിലപാടുകൾ ഇതോടെ നിര്‍ണായകമായി. അതേസമയം, സത്യപ്രതിജ്ഞയ്ക്ക് പത്തുദിവസം ബാക്കിയുള്ളതിനാല്‍ നെതന്യാഹു അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഈ ധാരണ അട്ടിമറിക്കാനിടയുണ്ടെന്നാണ് രാഷ്‌‌ട്രീയ നിരീക്ഷകർ പറയുന്നത്.